പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര് പട്ടികയില് പേര് ചേര്ക്കാനുള്ള അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി. പുതിയ വോട്ടര്മാരെ ചേര്ക്കാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് പ്രിന്സിപ്പാള്മാര്ക്കായി ചേര്ന്ന യോഗത്തില് സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര്. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്ത്തിയായ എല്ലാവര്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് വെബ് സൈറ്റുകളായ http://www.ceo.kerala.gov.in, http://www.eci.gov.in എന്നിവയിലൂടെ വോട്ടര്പ്പട്ടികയില് പേര് ചേര്ക്കാന് കഴിയും.
തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുന്നത് വരെ ഈ അവസരം വിനിയോഗിക്കാന് സാധിക്കും. വോട്ടര്പ്പട്ടികയില് പേര് ചേര്ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് 1950 എന്ന നമ്പറില് ബന്ധപ്പെടാം. എല്ലാ കോളേജുകളിലും പുതിയ വോട്ടര്മാരെ കണ്ടെത്തുന്നതിനും വോട്ട് ചേര്ക്കുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള് കോളേജ് അധികൃതര് ഏര്പ്പെടുത്തുമെന്നും ജില്ലാ കലക്ടര് പറഞ്ഞു.
കൂടുതൽ വോട്ടർമാരെ ചേർക്കുന്ന കോളേജുകൾ, യൂത്ത് ക്ലബ്ബുകൾക്ക് ട്രോഫി
പുതുതായി ഏറ്റവും കൂടുതല് വോട്ടര്മാരെ ചേര്ക്കുന്ന കോളേജുകള്, യൂത്ത് ക്ലബ്ബുകള് എന്നിവയ്ക്ക് ജില്ലാ കലക്ടറുടെ ട്രോഫി നൽകാൻ യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുകേഷന് ആന്ഡ് ഇലക്ടറല് പാര്ടിസിപ്പേഷന് പ്രോഗ്രാം) ഭാഗമായി വോട്ടര്പട്ടികയില് പേര് ചേര്ക്കാനും ശരിയായ രീതിയില് വോട്ട് ചെയ്യുന്നതിനും സന്ദേശമുള്ള മുദ്രാവാക്യ മത്സരം, ഇ- പോസ്റ്റര് രചന, ഷോര്ട്ട് ഫിലിം മത്സരങ്ങള് എന്നിവ കോളേജ് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിക്കും.
മികച്ച രചനകള്ക്ക് സമ്മാനം നല്കും. വോട്ടവകാശം ശരിയായ രീതിയില് വിനിയോഗിച്ച് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന് വെബിനാറുകള്, ചര്ച്ചകള് എന്നിവയും സംഘടിപ്പിക്കും. ഓണ്ലൈനായി നടന്ന യോഗത്തില് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് കെ. മധു, സ്വീപ് നോഡല് ഓഫീസറും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്കുമാര്, ജില്ലയിലെ 40 കോളേജ് പ്രിന്സിപ്പാള്മാര് എന്നിവര് പങ്കെടുത്തു.