തിരുവനന്തപുരം: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ മാതൃകാപരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കൃത്യമായ ഏകോപനത്തിലൂടെ മാത്രമേ ഇത്രയധികം പേര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് വാക്‌സിന്‍ നല്‍കാന്‍ സാധിക്കൂ. തിരുവനന്തപുരത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റുള്ള ജില്ലകളിലും സ്പെഷ്യല്‍ വാക്സിനേഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന മുറയ്ക്ക് കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ 98 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് ആദ്യംതന്നെ 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും ഒരേസമയം കോവിഡ് പ്രതിരോധവും വാക്‌സിന്‍ വിതരണവും  വിജയകരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിനേഷനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മന്ത്രി  വിലയിരുത്തി. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരുമായും മന്ത്രി ആശയവിനിമയം നടത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.