കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

ചൂടു കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ചുവടെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

🔹രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

🔹നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുക

🔹ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യുക

🔹പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം.

🔹നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക

🔹ഒ.ആര്‍.എസ്, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്

🔹അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

🔹പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക

🔹ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക

🔹പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

🔹ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതത് സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ചൂട് ഏല്‍ക്കാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നതിന് നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കുന്നതിന് അനുവാദം നല്‍കുകയും വേണം

🔹മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം

🔹പുറംവാതില്‍ ജോലികളിലും കാഠിന്യമുള്ള ജോലികളിലും ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം

🔹ക്ലാസുകള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം

🔹തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം ലഭ്യമാക്കണം

🔹ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം

🔹മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

🔹പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം

🔹കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

സൂര്യാഘാതമേറ്റാല്‍

🔸സൂര്യാഘാതമേല്‍ക്കുന്നവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് നല്‍കണം.

🔸നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കണം

🔸വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നല്‍കാം

🔸അടിയന്തര ചികിത്സ ലഭ്യമാക്കണം