കോട്ടയം: തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുളള എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും കോവിഡ് വാക്‌സിനും നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് ഓഫീസുകളില്‍നിന്ന് ശേഖരിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പരിശീലനം നേടുന്ന ഉദ്യോഗസ്ഥരില്‍ നിശ്ചിത ശതമാനം പേരെ മാത്രമാണ് റാന്‍ഡമൈസേഷനിലൂടെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുക. തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് സജ്ജരാകേണ്ടതുണ്ട്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ഫെബ്രുവരി 28 വരെ ജില്ലയില്‍ 70ലധികം കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. സന്ദേശം ലഭിക്കുന്നതനുസരിച്ച് കുത്തിവയ്പ്പ് എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം.
പരിശീലനത്തിനും വാക്‌സിന്‍ സ്വീകരിക്കുന്നതിനും അറിയിപ്പു ലഭിച്ച ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതായി ധരിച്ച് ഈ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷയുമായി കളക്ടറേറ്റില്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ജോലി ലഭിക്കാതെതന്നെ അനാവശ്യ സന്ദര്‍ശനം നടത്തുന്നതും തിരക്കുണ്ടാക്കുന്നതും ഒഴിവാക്കണം-കളക്ടര്‍ അറിയിച്ചു.