പാലക്കാട്: ജില്ലയില് പുതിയതായി രൂപീകരിച്ച അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) എന്‍.എം മെഹ്‌റലി ഉത്തരവിട്ടു. ഓഫീസിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ (ഫെബ്രുവരി 27) തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
22 തസ്തികകളിലാണ് ആകെ നിയമനം നടത്തുന്നത്. അട്ടപ്പാടിയില്‍ നിലവിലുള്ള എല്‍.എ ആന്‍ഡ് എല്‍.റ്റി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ യൂണിറ്റ് നിര്‍ത്തലാക്കി ഈ യൂണിറ്റിലെ എട്ട് തസ്തികകള്‍ പുനക്രമീകരിച്ചും പുതിയ 14 തസ്തികകള്‍ സൃഷ്ടിച്ചുമാണ് താലൂക്ക് ഓഫീസ് രൂപീകരിക്കാന്‍ നിര്‍ദേശം.
എറണാകുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.റ്റി. വേണുഗോപാലനെയാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാരായി നിയമിച്ചിരിക്കുന്നത്. എസ് ശ്രീജിത്താണ് പുതിയ അട്ടപ്പാടി താലൂക്ക് എല്‍.ആര്‍. തഹസില്‍ദാര്‍. രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഒരു ഹെഡ് ക്ലര്‍ക്ക്, നാല് ക്ലര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ 10 തസ്തികളിലാണ് നിലവില്‍ നിയമനം നടത്തി ഉത്തരവായിരിക്കുന്നത്.
എല്‍.എ ആന്‍ഡ് എല്‍ റ്റി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന അഗളി മിനി സിവില്‍ സ്റ്റേഷനിലെ കെട്ടിടത്തിലാണ് പുതുതായി രൂപീകരിച്ച അട്ടപ്പാടി താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.