പാലക്കാട്: ജില്ലയില് മെയ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന 25 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി മുഖ്യ വേദിയായ പ്രിയ-പ്രിയദര്‍ശിനി-പ്രിയതമ കോമ്പൗണ്ടില്‍ ആരംഭിച്ച ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകയായ അനുമോള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ലോകത്തെ അടുത്ത് കാണാന്‍ പറ്റുന്ന വേദിയാണ് ചലച്ചിത്രമേളയെന്നും ചരിത്രത്തെയും കാലത്തെയും അറിയാനും രാഷ്ട്രീയ അവ ബോധത്തിനും ഇത്തരം വേദികള്‍ സഹായകമാകുമെന്നും പ്രിയനന്ദനന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ അധ്യക്ഷനായി. തിരുവനന്തപുരത്ത് നടന്നുവരാറുള്ള ചലച്ചിത്രമേള കോവിഡ് പ്രതിസന്ധി നേരിടുന്നതിനാലാണ് നാല് മേഖലകളിലായി നടത്തുന്നത്. ചലച്ചിത്ര പ്രേമികളുടെ കൂടിച്ചേരലുകള്‍,സംവാദങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ ഒന്നിക്കുന്ന ഇടമാണ് ഐ.എഫ്.എഫ്.കെ. ഇതുവരെ ചലച്ചിത്രമേള സംഘടിപ്പിച്ച മൂന്നു സ്ഥലങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടക്കുന്നതിനാല്‍ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും നേരിട്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു.

തലശ്ശേരിയില്‍ നടന്നതുപോലെ പാലക്കാടും 1500 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പാസ് ലഭ്യമായവര്‍ താല്പര്യമുള്ള സിനിമകള്‍ കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പായി സൈറ്റിലൂടെ റിസേര്‍വ്വ് ചെയ്യേണ്ടതുണ്ട്. ജില്ലയില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കമല്‍ പറഞ്ഞു. ഓണ്‍ലൈനായി രജിസറ്റര്‍ ചെയ്തവര്‍ക്ക് താരേക്കാട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് ശേഷമാണ് പാസ് വിതരണം ചെയ്യുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍, എന്‍. എഫ്. ഡി.സി മുന്‍ ഡയറക്ടര്‍ പി പരമേശ്വരന്‍, സംഘാടക സമിതി അംഗം ജി പി രാമചന്ദ്രന്‍, പ്രശസ്ത നടി സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.