കൊല്ലം: ‍ജില്ലയില് ചൂട് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തീരദേശത്ത് കൂടുതല്‍ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ ഉപയോഗിക്കാം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാം. പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം. നട്ടുച്ചക്ക് പാചകവും വേണ്ട. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് ചൂട് പ്രതിരോധ വസ്ത്രധാരണത്തിന് നിര്‍ദ്ദേശം നല്‍കുകയും യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും വേണം. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും കടുത്ത വെയിലില്‍ കുടകള്‍ ഉപയോഗിക്കണം.

നിര്‍മാണ-കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറംവാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ക്ലാസുകള്‍ തുടങ്ങിയ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. തണലുള്ള പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍ പോലെയുള്ള പൊതുഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പകല്‍ സമയങ്ങളില്‍ തുറന്ന് നല്‍കും.

തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം ഉറപ്പു വരുത്തണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജലം നല്‍കാന്‍ തയ്യാറാകണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ വേണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ നിറുത്തിയിടുന്ന വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.

സൂര്യാഘാതമേറ്റവരെ കട്ടിലിലോ തറയിലോ ഫാനിന്റെ കാറ്റ് ഏല്‍ക്കാന്‍ പാകത്തില്‍ കിടത്തി നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ച് വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നല്‍കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് വൈദ്യസഹായവും തേടാം. വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.