കൊല്ലം: നിയമസഭാ തിരഞ്ഞടുപ്പ് പ്രക്രിയയും പ്രചരണവും പരിസ്ഥിതി സൗഹൃദ ഹരിതചട്ടം പ്രകാരം മാത്രമേ നടത്താവൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ചട്ടം മറികടന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാഷ്ട്രീയകക്ഷി നേതാക്കളുടെ സമ്പൂര്‍ണ സഹകരണമാണ് ആവശ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍-എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പേപ്പര്‍, പോസ്റ്ററുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങുന്ന എല്ലാത്തരം ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍-നൂലുകള്‍-റിബണുകള്‍-ഹാരങ്ങള്‍, തെര്‍മോക്കോള്‍ ഉപയോഗിക്കുന്ന ആര്‍ച്ചുകള്‍, പി വി സി ബോര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. എല്ലാ പരിപാടികളിലും ഭക്ഷണ-കുടിവെളള വിതരണത്തിനും പുനരുപയോഗ സാധ്യമായ ഗ്ലാസ്സുകളും, പ്ലേറ്റുകളും ഉപയോഗിക്കണം.

ഡിസ്‌പോസബിള്‍ വസ്തുക്കളും (പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍) പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാര വസ്തുക്കളും അനുവദിക്കില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് അനുബന്ധ സാമഗ്രികളും നിരോധിതമാണ്. കോട്ടണ്‍ തുണി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഏത് തരം വസ്തുവില്‍, ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്ന് രേഖപ്പെടുത്തണം. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.