* സംസ്ഥാനമെങ്ങും വിവിധ പരിപാടികള്‍
* ഔദ്യോഗിക ഉദ്ഘാടനം മേയ് 18 ന് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും
* സമാപനം മേയ് 30ന് തിരുവനന്തപുരത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മേയ് 18 മുതല്‍ 30 വരെ സംസ്ഥാനമാകെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് 18ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്ണൂര്‍ മേയര്‍ ഇ.പി. ലത, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്വാഗതവും ചീഫ് സെക്രട്ടറി പോള്‍ ആന്റണി നന്ദിയും പറയും.
‘സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
രാത്രി 7.30ന് പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിമീഡിയ ഷോ ‘ഉദയപഥം’ അരങ്ങേറും. വ്യത്യസ്തമായ രീതിയില്‍ സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലൂടെ അനുഭവവേദ്യമാക്കുന്ന ഷോയാണിത്. തുടര്‍ന്ന്, ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്താവതരണമുണ്ടാകും. വിജയ് യേശുദാസ് നയിക്കുന്ന പ്രമുഖ ചലച്ചിത്രപിന്നണി ഗായകരുടെ ഗാനമേളയും തുടര്‍ന്ന് നടക്കും.
വാര്‍ഷികാഘോഷങ്ങളുടെ സമാപനപരിപാടികള്‍ മേയ് 30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും. സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, സാംസ്‌കാരിവകുപ്പ് എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള നാനൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടി ഉണ്ടായിരിക്കും.
ജില്ലാതലങ്ങളില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 30 വരെ വിവിധ ഘട്ടങ്ങളായി 13 ജില്ലകളിലും പരിപാടികള്‍ നടത്തും (ആലപ്പുഴ ഒഴികെ). പ്രദര്‍ശന മേളയില്‍ 100 മുതല്‍ 150 വരെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് വകുപ്പിന്റെ ചരിത്രം വനിതകള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍, ജീവിത ശൈലി രോഗ നിര്‍ണ്ണയം, ബോധവല്‍ക്കരണം, ഐ.ടി മിഷന്റെ ആധാര്‍ സേവനങ്ങളുടെ സ്റ്റാള്‍, റേഷന്‍ ഈപോസ് മെഷീന്‍ പരിചയപ്പെടുത്തല്‍, മണ്ണ് പരിശോധന, എക്‌സ്സൈസ് വകുപ്പിന്റെ ലഹരിക്കെതിരെ ബോധവല്‍ക്കരണം, പട്ടികജാതി വകുപ്പിന്റെ തൊഴില്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, നിയമ വകുപ്പിന്റെ സൗജന്യ നിയമ സഹായ സ്റ്റാള്‍, ഫയര്‍& റെസ്‌ക്യൂവിന്റെ അപകടങ്ങളെ തരണം ചെയ്യുന്ന പ്രദര്‍ശനം, സാംസ്‌കാരിക ടൂറിസം വിവരങ്ങള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍കുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയുടെ സ്റ്റാളുകള്‍ വിവിധ ജില്ലകളിലായി പ്രദര്‍ശന മേളകളില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഉല്‍പ്പന്ന സ്റ്റാളുകള്‍ക്കു പുറമെ, തിരുവിതാംകൂര്‍ മുതല്‍ മലബാര്‍ വരെയുള്ള രുചിക്കൂട്ടുകളുടെ ഭക്ഷണശാലയും മേളയിലുണ്ട്.
പട്ടികവര്‍ഗ വകുപ്പിന്റെ മില്ലെറ്റ് വില്ലജ് പദ്ധതിയിലെ ചെറുധാന്യങ്ങളുടെ സ്റ്റാള്‍, സഹകരണ ബാങ്കിന്റെ വാഹന ലോണ്‍ മേള, നിര്‍മയാ രജിസ്ട്രേഷന്‍, സാമൂഹിക ജലസേചനത്തിന്റെ മോഡല്‍, എന്നിവ പാലക്കാട്ടും അതിഥി തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം, കുറഞ്ഞ വരുമാനക്കാര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ചികിത്സക്കായി വേണ്ട സര്‍ട്ടിഫിക്കറ്റിന്റെ തത്സമയ വിതരണം, എന്നിവ തിരുവനന്തപുരത്തും, മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷി-മൃഗ പ്രദര്‍ശനം കോട്ടയത്തും ഒരുക്കിയിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും കുടുംബശ്രീ അടക്കമുള്ള സ്ഥാപനങ്ങളും വിവിധ ജനസേവന സംവിധാനങ്ങള്‍ സജ്ജീകരിച്ച സ്റ്റാളുകളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. സെമിനാറുകളും സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മേളയുടെ ഭാഗമായി മാപ്പിള അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ക്‌ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, ഭാരത്ഭവന്‍ തുടങ്ങി സാംസ്‌കാരിക സംഘടനകളുടേതുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ജില്ലകളില്‍ ഏഴ് ദിവസത്തെ മേളകളില്‍ അരങ്ങേറും.
ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയായ കെട്ടിടങ്ങളുടെ താക്കോല്‍ ദാനം ഫിഷറീസ് വകുപ്പിന്റെ പദ്ധതിയില്‍ വീടും സ്ഥലവും ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് വീടുകളുടെ താക്കോല്‍ ദാനം, പട്ടികവര്‍ഗ വിഭാഗത്തിന് വീട് നിര്‍മാണത്തിന്റെ തറക്കല്ല് ഇടല്‍ തുടങ്ങി വിവിധ പരിപാടികള്‍ മന്ത്രിസഭാ വാര്‍ഷികാഘോഷമായി നടക്കുന്നുണ്ട്. ഓരോ ജില്ലയിലും ഉദ്ഘാടനത്തിന് പരിഗണിച്ചിട്ടുള്ള പൂര്‍ത്തിയായ പദ്ധതികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരം ഓരോ ജില്ലയിലും പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ തീരുമാനിച്ച് നടപ്പിലാക്കിവരുന്നു.
ജില്ലകള്‍ ഏക്‌സിബിഷന്‍ കാലയളവ് സ്റ്റാളുകളുടെ എണ്ണം ഉദ്ഘാടനത്തിന് പരിഗണിച്ചിട്ടുള്ള പുതിയ പദ്ധതികള്‍
തിരുവനന്തപുരം മേയ് 24-30 152 21
കൊല്ലം മേയ് 19-25 120 14
പത്തനംതിട്ട മേയ് 22-28 150 17
ഇടുക്കി മേയ് 19-25 58 15
കോട്ടയം മേയ് 14-20 132 10
എറണാകുളം മേയ് 17-23 148 35
തൃശൂര്‍ മേയ് 19-26 142 105
പാലക്കാട് മേയ് 21-27 146 08
മലപ്പുറം മേയ് 7-13 96 35
കോഴിക്കോട് മേയ് 10-16 112 20
വയനാട് മേയ് 7-13 180 29
കണ്ണൂര്‍ മേയ് 18-25 178 34
കാസര്‍ഗോഡ് മേയ് 19-25 98 07

എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്
എല്‍.ഡി.എഫ് സര്‍ക്കാര്‍, വാഗ്ദാനങ്ങള്‍ പാലിച്ച് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിറവിനാല്‍ ശ്രദ്ധേയമായ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് ശരിയായ ദിശയിലൂടെയുള്ള മുന്നേറ്റം.
ഒട്ടേറെ രംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിന് കഴിഞ്ഞു. മാനവവികസന സൂചികയില്‍, കേരളത്തിന് ഉന്നത സ്ഥാനമെന്ന് ഐക്യരാഷ്ട്രസഭ തന്നെ ചൂണ്ടിക്കാട്ടി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്. മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യ ടുഡേ അവാര്‍ഡ്. ഏറ്റവും കൂടുതല്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയതിന് ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാര്‍ഡ്. പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ ഭരണമികവ് സൂചികയില്‍ ഒന്നാം സ്ഥാനം. ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള സംസ്ഥാനം. ഉയര്‍ന്ന ആരോഗ്യ-ജീവിത സൂചിക. സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനം. നേട്ടങ്ങളുടെ പട്ടിക നീളുന്നു.
അഴിമതിക്കെതിരെ, കര്‍ശന നിലപാട് സ്വീകരിച്ചുകൊണ്ട് സംശുദ്ധിയും ചൈതന്യവുമുള്ള ഭരണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കി. കേസന്വേഷണം ശാസ്ത്രീയമാക്കുന്നതിനും മൂന്നാംമുറ ഒഴിവാക്കുന്നതിനുമുള്ള ശക്തമായ ഇടപെടലുകള്‍ നടത്തി. പോലീസ് സേനയിലെ ആധുനികവത്ക്കരണ പദ്ധതികള്‍ പരിഷ്‌ക്കരിക്കുന്ന നടപടിക്ക് തുടക്കമായി. പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനത്തിനായി പോലീസ് ആസ്ഥാനത്ത് ചീഫ് കണ്‍ട്രോള്‍ റൂം തുറന്നു. ഭരണമികവ് വര്‍ധിപ്പിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആവിഷ്‌കരിച്ചു. പദ്ധതി നിര്‍വഹണത്തില്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. 6194 കോടി രൂപയില്‍ 5581 കോടി രൂപയും ചെലവഴിച്ചു.
അമ്പത്തി അയ്യായ്യിരം പട്ടയങ്ങള്‍ വിതരണം ചെയ്തു. ലാന്റ് ട്രൈബ്യൂണല്‍ മുമ്പാകെയുണ്ടായിരുന്ന 72,334 ഫയലുകള്‍ തീര്‍പ്പാക്കി. അഞ്ച് പുതിയ റവന്യൂ ഡിവിഷനുകള്‍ക്ക് അനുമതിയായി. കുന്ദംകുളത്തും പയ്യന്നൂരിലും പുതിയ താലൂക്കുകള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 39 വില്ലേജുകള്‍ സ്മാര്‍ട്ട് ഓഫീസ് ശൃംഖലയിലേക്ക് മാറുകയാണ്. 14 കളക്‌ട്രേറ്റുകളെയും ഇ-ഓഫീസ് ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ നടപടിയായി.
കാര്‍ഷിക സംസ്‌കാരത്തെ തിരികെ പിടിക്കാന്‍ വിപുലമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. നെല്‍കൃഷിയുടെ വിസ്തൃതിയില്‍ 34,000 ഏക്കറിന്റെ വര്‍ധനവുണ്ടായി. മെത്രാന്‍ കായിലില്‍ ഉള്‍പ്പെടെയുള്ള തരിശു നിലങ്ങളില്‍ കൃഷിയിറക്കി. 2017-18 സാമ്പത്തിക വര്‍ഷം സപ്ലൈകോ 3.01 ലക്ഷം മെട്രിക് നെല്ല് സംഭരിച്ചു. പച്ചക്കറിയുത്പാദനം പത്ത് ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നു.
പൊതുമേഖലയ്ക്കുള്ള പദ്ധതി വിഹിതം നൂറു കോടിയില്‍ നിന്നും 2310 കോടിയായി ഉയര്‍ത്തി. പൊതുമേഖല 132 കോടിയുടെ നഷ്ടത്തില്‍ നിന്നും 104 കോടിയുടെ ലാഭത്തിലേക്ക് ഉയര്‍ന്നു. പരമ്പരാഗത വ്യവസായങ്ങളുടെ ഉന്നമനത്തിന് 14 ക്ലസ്റ്ററുകള്‍. ഐടി-ഐടി അനുബന്ധ മേഖലകളുടെ വളര്‍ച്ചക്ക് പുതിയ നയം രൂപീകരിച്ചു. സോഫ്റ്റവെയര്‍ കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഡിജിറ്റല്‍ കേരളക്ക് 1000 കോടിയുടെ കെ.ഫോണ്‍ പദ്ധതി.
കേരളത്തിന്റെ ആരോഗ്യമേഖല ആഗോള നിലവാരത്തിലേക്ക് ഉയരുകയാണ്. ഗുണമേന്മയുള്ള ചികിത്സാസൗകര്യം അലോപ്പതി, ആയുഷ് വകുപ്പുകളിലെ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യകേന്ദ്രങ്ങളായി മാറുകയാണ്. അലോപ്പതിമേഖലയിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളെ ഒറ്റ ശൃംഖലയാക്കുന്ന ഇ-ഹെല്‍ത്ത് പ്രോജക്റ്റ് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടിയായി. മെഡിക്കല്‍കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി അവയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു.
ഹൈസ്‌കൂളിലെയും-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും 45,000 ക്ലാസ്സ് മുറികള്‍ ഹൈടെക് ആയി മാറുകയാണ്. നൂറുക്കണക്കിന് ക്ലാസ് മുറികള്‍ ഇതിനകം തന്നെ ഹൈടെക് ആയിക്കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലത്തിലെയും ഓരോ സ്‌കൂളും മികവിന്റെ കേന്ദ്രമാക്കുന്നതാണ് മറ്റൊരു പദ്ധതി.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ നിര്‍വഹണം ശക്തമാക്കി. 195.13 ഹെക്ടര്‍ കയ്യേറ്റം ഒഴിപ്പിച്ചു. റേഷന്‍ കടകളില്‍ കമ്പ്യൂട്ടര്‍വത്കരണത്തിന് നടപടികളായി. വില വര്‍ധിപ്പിക്കാതെ 13 ഇനം ഭക്ഷ്യോത്പന്നങ്ങള്‍. റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കി.
ലഹരിയില്‍ നിന്നും മോചനത്തിന് വിമുക്തി പദ്ധതി. എല്ലാ ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍. ലഹരി വിരുദ്ധ ബോധവത്കരണത്തിന് ശക്തമായ നടപടികള്‍. വ്യാജമദ്യം നിയന്ത്രിച്ചു. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ലോട്ടറിയുടെ വിറ്റുവരവ് 10,000 കോടിയിലേക്ക്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ജനക്ഷേമത്തിന്. യുവജന ശാക്തീകരണത്തിന് 1000 യുവക്ലബ്ബുകള്‍ ആരംഭിച്ചു. കായികതാരങ്ങള്‍ക്ക് മികച്ച പ്രോത്സാഹനം. പ്രവാസികളുടെ അറിവും കഴിവും ഉപയോഗപ്പെടുത്താന്‍ ലോക കേരളസഭ. അവരുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതി.
പശ്ചാത്തല വികസനത്തിന് നൂതന ആശയങ്ങളുമായി കിഫ്ബി മുന്നേറുകയാണ്. അഞ്ച് കൊല്ലം കൊണ്ട് 50,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. 20,000 കോടിക്ക് ധനാനുമതിയായി: ആദ്യപ്രവൃത്തികള്‍ നിര്‍മാണ ഘട്ടത്തിലാണ്. 10,000 കോടിയുടെ മലയോര തീരദേശ ഹൈവേകള്‍ 2020 ല്‍ തുറക്കും. ദേശീയപാത 66 നാല് വരിപ്പാതയാക്കി വികസിപ്പിക്കുന്ന നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. കോവളം-ബേക്കല്‍ ദേശീയ ജലപാതകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടനിര്‍മാണം തുടരുകയാണ്. വിഴിഞ്ഞം തുറമുഖം 2020 ല്‍ തന്നെ യാതാര്‍ഥ്യമാക്കും. ജില്ലാതല പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടിയായി. കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറക്കും. മംഗലാപുരം-കൊച്ചി ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2.3 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 393 കോടി രൂപ വിതരണം ചെയ്തു. കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ 64,500 രോഗികള്‍ക്ക് 727 കോടിയുടെ സഹായം ലഭ്യമാക്കി. വൃക്ക രോഗികള്‍ക്കുള്ള ധനസഹായം 2 ലക്ഷത്തില്‍ നിന്നും 3 ലക്ഷമാക്കി ഉയര്‍ത്തി. ക്ഷേമപെന്‍ഷനുകള്‍ ഇരട്ടിയായക്കി. ക്ഷേമനിധി ആനുകൂല്യങ്ങളിലും വന്‍ വര്‍ധന ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷാമകാല -പ്രതിമാസ ധനസഹായം 2700 രൂപയില്‍ നിന്നും 4500 രൂപയാക്കി. അങ്കണവാടി അധ്യാപകരുടെ വേതനം 2050 ല്‍ നിന്നും 12,000 രൂപയായും ആയമാരുടേത് 1400 രൂപയില്‍ നിന്നും 8000 ആയും വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ വേതനത്തിലും 50 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയാക്കി. 900 കോടി രൂപയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ ആറര ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചു. 60 കഴിഞ്ഞ എല്ലാവരും സാമൂഹിക സുരക്ഷ ശൃംഖലയില്‍.
പട്ടികജാതിക്കാര്‍ക്കു വേണ്ടി 6,200 വീടുകള്‍ നിര്‍മിച്ചു. 19,072 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി 22,481 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 24,465 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. 102 കോടി രൂപ ചെലവിലാണ് 102 ഊരുകളുടെ വികസനം നടപ്പാക്കുന്നത്. 2159 ആദിവാസികളുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളി.
ജില്ലകളില്‍ നവോത്ഥാനനായകരുടെ പേരില്‍ 40 കോടിരൂപ ചെലവില്‍ കിഫ്ബി മുഖേന സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 750 രൂപയില്‍ നിന്ന് 1500 രൂപയാക്കി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 2000 ഉം പിന്നീട് 3000 രൂപയാക്കി. എട്ട് വര്‍ഷത്തോളമായി സ്ഥിരമായ വൈസ് ചാന്‍സലര്‍ ഇല്ലാതിരുന്ന കലാമണ്ഡലത്തില്‍ പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ഭാഷാപഠനത്തിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് എന്നിവ നടപ്പാക്കും. മഹാകവി മൊയീന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. കലാഭവന്‍ മണി, കൊടക്കാട് കണ്ണപെരുവണ്ണാന്‍, മണക്കാടന്‍ ഗുരുക്കള്‍ എന്നിവര്‍ക്ക് ഉചിതമായ സ്മാരകം പണിയും.
253 ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി അനുയാത്ര പദ്ധതി നടപ്പിലാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ 133 കോടി രൂപയുടെ ധനസഹായമെത്തിച്ചു. സമഗ്ര പുനരധിവാസ ഗ്രാമം യാഥാര്‍ഥ്യമാകുകയാണ്.
അതിഥി തൊഴിലാളികള്‍ക്ക് ആവാസ് എന്ന പേരില്‍ സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: ഇവര്‍ക്കായി അപ്നാ ഘര്‍, ജനനി എന്നീ പേരുകളില്‍ താമസസൗകര്യങ്ങള്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് നിലവില്‍ വന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്ര 181 വുമണ്‍ ഹെല്‍പ്പ് ലൈന്‍ ഏര്‍പ്പെടുത്തി. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത ഹെല്‍പ്പ് ഡെസ്‌കുകള്‍, 24 മണിക്കൂറും വിളിക്കാവുന്ന ഹെല്‍പ്പ് ലൈന്‍ (1091). എട്ടു നഗരങ്ങളില്‍ പിങ്ക് പട്രോള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയാന്‍ കൈത്താങ്ങ്, സ്‌നേഹഗീത, കര്‍മസേന എന്നിവ എല്ലാ ജില്ലകളിലേക്കും. നിര്‍ഭയ പദ്ധതി ജനകീയമാക്കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി. കുടുംബശ്രീയില്‍ പുതിയ ഇരുപതിന പദ്ധതികള്‍.
തീരദേശമേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തി. ഓഖി ദുരന്തഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം പകര്‍ന്നു. കടല്‍ക്ഷോഭത്തിന് ഇരയാകുന്ന തീരദേശവാസികളെ ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കുന്നതിന് ചരിത്രത്തിലാദ്യമായി പത്തു ലക്ഷം രൂപവീതം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. വേലിയേറ്റ മേഖലയില്‍ നിന്നും മാറ്റിപാര്‍പ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. മത്സ്യത്തൊഴിലാളികള്‍ക്ക് 500 കോടി രൂപയുടെ ഭവന പദ്ധതി.
വരട്ടാറും കോലയറയാറും ഉള്‍പ്പെടെ 9,200 കി.മീ പുഴകളും തോടുകളും പുനരുജ്ജീവിപ്പിച്ചു. 5000 കുളങ്ങള്‍ നിര്‍മിച്ചു. 11,000 കുളങ്ങള്‍ നവീകരിച്ചു. 1620 കനാലുകള്‍ വൃത്തിയാക്കി. 4500 കിണറുകള്‍ നവീകരിക്കുകയും 29,000 കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. 2792 ഹെക്ടറില്‍ ജലസേചന സൗകര്യം വര്‍ധിപ്പിച്ചു. വന്‍കിട ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വിപുലമായ കര്‍മപദ്ധതി.
അഞ്ച് വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം എന്നാതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുടങ്ങികിടന്ന 30,321 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകീകരിക്കുന്നതിനുവേണ്ടി പൊതു സര്‍വീസ് രൂപീകരിക്കുന്നതിന് നടപടിയായി. സമ്പൂര്‍ണ ശുചിത്വ കേരളത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുകയാണ്.
കേരളത്തിന് സ്വന്തം ബാങ്ക് എന്ന സ്വപ്നം സാക്ഷാത്ക്കാരത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ചാണ് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നത്. വന്‍ നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ഫെഡ് ലാഭത്തിലായി. സംസ്ഥാന സഹകരണ നയം രൂപീകരിച്ചു. പുതിയ ടൂറിസം നയം പ്രഖ്യാപിച്ചു. ശബരിമല, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം മുതലായവയുടെ വികസനത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ അവാര്‍ഡ് ലഭിച്ചു. കൂടംകുളം-കൊച്ചി പവര്‍ഗ്രിഡ് ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകും. ഉത്പാദനം വര്‍ധിപ്പിക്കുകയും ഏഴ് ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുകയും ചെയ്തുകൊണ്ടാണ് വകുപ്പ് മുന്നേറുന്നത്.
പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. 40 ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കാന്‍ നടപടിയായി. ക്ഷീരവികസന രംഗത്ത് വന്‍കുതിച്ചുചാട്ടമാണുണ്ടായത്. സംസ്ഥാനത്തെ ആവശ്യത്തിന്റെ 81 ശതമാനം പാലുത്പാദിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. സ്വയംപര്യാപ്ത ക്ഷീര കേരളത്തിനായുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സമഗ്രമായ അഴിച്ചുപണി നടത്തി. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തു. എല്ലാ താലൂക്കുകളിലും കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. ആറ് താലൂക്കുകളില്‍ സബ് ആര്‍.ടി ഓഫീസുകള്‍ സ്ഥാപിക്കുന്നതിനും നടപടിയായി.
സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ വിജയകരമായി പുരോഗമിക്കുന്നു. ഇതിലൂടെ ഒരു നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.