ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യാനും അച്ചടി – ഇലക്ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ ( പെയ്ഡ് ന്യൂസ് ) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം / പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനും ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു .
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലക്സ് ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ വി. അജി ജേക്കബ് കുര്യൻ, ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, പ്രസ്ക്ലബ് പ്രസിഡന്റ് കെ യു ഗോപകുമാർ എന്നിവര്‍ സമിതിയംഗങ്ങളും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ മെമ്പര്‍ സെക്രട്ടറിയുമാണ്.
ജില്ലാതലത്തിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ സർട്ടിഫിക്കേഷനൊപ്പം പത്ര – ഇലക്ട്രോണിക് മാധ്യമങ്ങൾ നിരീക്ഷിക്കുകയും പരസ്യങ്ങൾ, പെയ്ഡ് ന്യൂസ്, സ്ഥാനാർഥികളുമായും രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവ റെക്കോർഡ് ചെയ്യുകയും ചെയ്യും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോൾ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും കേബിൾ ചാനലുകൾ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തിയേറ്ററുകളും വഴി പരസ്യങ്ങൾ സംപ്രേഷണം / പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ ശ്രവ്യ – ദൃശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും സമിതിയുടെ മുൻകൂർ അനുമതി വാങ്ങണം.
ഏതെങ്കിലും സ്ഥാനാർത്ഥിയെയോ രാഷ്ട്രീയ പാർട്ടിയെയോ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഒന്നിലധികം പത്രങ്ങളിൽ സമാനമായോ മിനുക്കുപണികളോടെയോ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും മറ്റും പെയ്ഡ് ന്യൂസിന്റെ ഗണത്തിൽ ആണോ എന്ന് പരിശോധിക്കും. ഇലക്ട്രോണിക് മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യപ്പെടുന്നവയും നിരീക്ഷിക്കും. ഇതുസംബന്ധിച്ച് സ്ഥാനാർഥിയോട് വിശദീകരണം തേടും. പെയ്ഡ് ന്യൂസ് ആണെന്നു തെളിഞ്ഞാൽ പരസ്യം എന്ന നിലയിൽ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ തുക ഉൾക്കൊള്ളിക്കാൻ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ട് ചെയ്യും. മാതൃകാപെരുമാറ്റ ചട്ടങ്ങൾക്കെതിരായ പ്രവർത്തനവും റിപ്പോർട്ട് ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും വാർത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാർഥിയേയും കുറിച്ചുള്ള റിപ്പോർട്ട് അക്കൗണ്ടിംഗ് ടീമിനും റിട്ടേണിങ് ഓഫീസർക്കും ചെലവ് നിരീക്ഷകനും നൽകും .
സ്വതന്ത്രമായും പരപ്രേരണ കൂടാതെയും വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തിൽ പെയ്ഡ് ന്യൂസുകൾ അനുചിതമായ സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നൽകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എം സി എം സി ക്കു രൂപം നൽകിയത്