ആലപ്പുഴ: ജില്ലയിലെ സംസ്ഥാന സർക്കാർ ജീവനക്കാർ,കേന്ദ്ര സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്സിനേഷൻ മാര്‍ച്ച് 4,5ന് ജില്ലയിലെ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ വിവിധ താലൂക്ക് ആശുപത്രികളുള്‍പ്പടെ 85 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ട്. നാല്, അഞ്ച് തീയതികളില്‍ ജീവനക്കാര്‍ക്ക് ഇവിടങ്ങളില്‍ കാത്തിരിപ്പ് ഇല്ലാതെ വാക്സിന്‍ നല്‍കും. ഇതിനായി പ്രത്യേക സൗകര്യം ഉണ്ടാകും.
തിരഞ്ഞെടുപ്പിനുമുമ്പ് ജീവനക്കാർക്ക് രണ്ടു ഘട്ട വാക്സിനേഷൻ പൂർത്തീകരിക്കാനായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ നൽകുന്നതിന് നേരത്തെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ജീവനക്കാരുടെ രജിസ്ട്രേഷൻ നേരത്തെതന്നെ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് ജീവനക്കാർക്ക് തങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഏതെങ്കിലും വാക്സിൻ കേന്ദ്രത്തിൽ നേരിട്ട് ഹാജരായി വാക്സിൻ സ്വീകരിക്കാം. രണ്ടുദിവസം ജീവനക്കാർക്ക് പ്രത്യേക മുൻഗണനയും ലഭിക്കും. ജീവനക്കാരുടെ രജിസ്ട്രേഷൻ നേരത്തെ പൂർത്തീകരിച്ചിട്ടുള്ളതിനാല്‍ കാലതാമസം ഉണ്ടാവുകയില്ല എന്ന പ്രത്യേകതയും ഈ ദിവസങ്ങള്‍ക്കുണ്ട്.
വാക്സിനേഷൻ സെന്ററില്‍ എത്തുന്ന ജീവനക്കാർ സർക്കാർ ഐഡി കാർഡിന് പുറമേ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡിയയുമായി വേണം ഹാജരാകേണ്ടത്. വാക്സിനേഷൻ സംബന്ധിച്ച് അറിയിപ്പ് എല്ലാ ജീവനക്കാരിലും എത്തിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. എല്ലാ ജീവനക്കാരും വാക്സിനേഷൻ സ്വീകരിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം മാർച്ച് ആറാം തീയതി തന്നെ കലക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക് 04772239999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ താലൂക്ക് ആശുപത്രി ഉള്‍പ്പെടയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ദിവസം നാനൂറ് പേര്‍ക്കും മറ്റിടങ്ങളില്‍ ദിനംപ്രതി 100 പേര്‍ക്കുമായി ദിവസം പതിനായിരത്തിന് മുകളില്‍പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
എല്ലാ പി.എച്ച്.സികള്‍, എല്ലാ സി.എച്ച്.സികള്‍, ഡിസ്ട്രിക്ട് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി എന്നിവിടങ്ങളില്‍ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.വരുന്ന രണ്ടു ദിവസങ്ങളില്‍ ജീവനക്കാരല്ലാത്ത വിഭാഗത്തില്‍ പെടുന്നവര്‍ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തണെന്ന് അരോഗ്യ വിഭാഗം അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഓ ഡോ.ബിനോയ്, വിവിധ ആരോഗ്യ വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.