പാലക്കാട്: പാവനാടകത്തിലെ ലങ്കാലക്ഷ്മിയുടെ മാതൃകയിൽ രൂപകല്പ്പന ചെയ്ത ഐ.എഫ്.എഫ്.കെ. ലോഗോയുടെ ചരിത്രസ്മരണയുണര്ത്തിയ തോല്പ്പാവക്കൂത്ത് നവ്യാനുഭവമായി . പത്മശ്രീ രാമചന്ദ്രപുലവരും സംഘവുമാണ് തോല്പ്പാവക്കൂത്ത് അവതരിപ്പിച്ചത് . നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയുടെ രൂപത്തിൽ അവതരിപ്പിച്ച പാവക്കൂത്തിൽ ബ്രഹ്മാവിന്റെ ശാപമേറ്റ് ലങ്കയുടെ കാവല്ക്കാരിയാകേണ്ടി വന്ന ലങ്കാലക്ഷ്മിക്ക് ഹനുമാൻ ശാപമോക്ഷം നൽകുന്ന രംഗമാണ് അവതരിപ്പിച്ചത്. ശാപമോക്ഷം ലഭിച്ച ലങ്കാ ലക്ഷ്മി ആകാശത്തേക്ക് കൈകൾ ഉയർത്തുന്ന ദൃശ്യമാണ് ഐ.എഫ്.എഫ്.കെ. ലോഗോയിൽ ആലേഖനം ചെയ്തിരിക്കുന്നത് .
1988 ല് ഇന്ത്യന് പനോരമയ്ക്കുവേണ്ടി സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചിത്രരൂപം ഉണ്ടാക്കാന് ജി. അരവിന്ദന് നടത്തിയ അന്വേഷണമാണ് ലങ്കാലക്ഷ്മിയില് എത്തിയത്. രാമചന്ദ്രപുലവരുടെ പിതാവ് കൃഷ്ണന്കുട്ടി പുലവര് ആണ് ദൃശ്യഭംഗിയും സന്ദര്ഭസാധ്യതയുമുള്ള ലങ്കാലക്ഷ്മിയുടെ രൂപം അന്ന് തെരഞ്ഞെടുത്തത് . മൂന്നാംപതിപ്പു മുതലാണ് ഈ ലോഗോ കേരളാ രാജ്യാന്തരചലച്ചിത്ര മേളയുടെ ഭാഗമായത്. പത്മശ്രീ നേടിയ രാമചന്ദ്രപുലവരെ ചടങ്ങിൽ ചലച്ചിത്ര അക്കാദമി ആദരിച്ചു. ചെയര്മാന് കമല്, വൈസ് ചെയര്പേഴ്സണ് ബീനപോള്, സെക്രട്ടറി അജോയ് ചന്ദ്രൻ , സംഘാടക സമിതി ജനറല് കണ്വീനര് ടി.ആര്.അജയന് തുടങ്ങിയവര് പങ്കെടുത്തു .