കുടിവെള്ള വിതരണം ഉടൻ തുടങ്ങും
ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ നിര്‍ദ്ദേശം നല്‍കി. ചേംബറിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും തനത്/പ്ലാൻ ഫണ്ടിൽ നിന്ന് തുക കണ്ടെത്തി കുടിവെള്ള വിതരണം നടത്തുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും സ്വീകരിക്കണം.
മാർച്ച് 31 വരെ പഞ്ചായത്തുകൾക്ക് കുടിവെള്ള വിതരണത്തിന് 5 ലക്ഷം രൂപയും നഗരസഭകൾക്ക് 11 ലക്ഷം രൂപയും ചെലവഴിക്കാം. അടുത്ത രണ്ടുമാസത്തേക്ക് പഞ്ചായത്തുകൾക്ക് ഇത്തരത്തിൽ 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് പതിനാറര ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് ചെലവഴിക്കാമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ശേഷം മൂന്നു മണിവരെ സൂര്യതാപം നേരിട്ട് നിൽക്കുന്ന മേഖലയിലെ തൊഴില്‍ ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ തുടങ്ങിയവരൊക്കെ ഈ സമയക്രമം പാലിക്കണം. ഇത്തരത്തില്‍ തൊഴിലുടമകള്‍ സമയ ക്രമീകരണം മാറ്റണം. ഇക്കാര്യത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്ന് ജില്ലാ ലേബർ ഓഫീസർ ഉറപ്പുവരുത്തണം.
ജില്ലയിലാകെ 453 കുടിവെള്ള കിയോസ്കുകൾ ഉണ്ട്. ഇവ പ്രവർത്തനസജ്ജമാക്കണം. കിയോസ്കുകള്‍ സജ്ജമാക്കിയ ശേഷം അക്കാര്യം ശനിയാഴ്ച വൈകുന്നേരത്തിന് മുമ്പ് കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചു. കുടിവെള്ളവിതരണം എത്രയും പെട്ടെന്ന് ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഫയർഫോഴ്സ്, കെ എസ് ഇ ബി എന്നിവർ തീപിടുത്തം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തണം. പാടത്ത് കൊയ്ത്തിന് ശേഷം വൈക്കോൽ തീയിടുന്നത് നിരോധിച്ചിട്ടുണ്ട്. വൈക്കോൽ ശേഖരിച്ച് അടിയന്തരമായി കൃഷിസ്ഥലത്ത് നിന്ന് നീക്കംചെയ്യണം. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പരിശോധന നടത്തണമെന്നും യോഗം തീരുമാനിച്ചു. പോലീസിൻറെ ട്രാഫിക് ഡ്യൂട്ടിയിൽ തീവ്രമായ ചൂടുള്ള സമയങ്ങളില്‍ വിശ്രമം കൂടുതല്‍ അനുവദിക്കുംമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
അന്തരീക്ഷതാപം ക്രമാതീതമായി വരുന്നതിനാൽ സൂര്യതാപമേറ്റ് ഉള്ള പൊള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും രണ്ട്, നാല് ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയർപ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കുടിക്കണം.
കട്ടികുറഞ്ഞ വെള്ള നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാന്‍ ശ്രമിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് തണലിലേക്ക് മാറിനിൽക്കണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. സൂര്യതാപമേറ്റ് വരുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള അടിയന്തരമായ പരിശീലനം എല്ലാ ആരോഗ്യമേഖലയിലും ഉള്ള ജീവനക്കാർക്ക് നൽകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.