എറണാകുളം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്.
ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകളും ഒരു മാതൃക പെരുമാറ്റച്ചട്ട സംരക്ഷണ സ്വാഡുകളും പ്രവര്‍ത്തനം ആരംഭിച്ചു. പൊതു നിരത്തുകളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, വാള്‍പെയിന്‍റുകള്‍, പോസ്റ്ററുകള്‍ എന്നിവ പതിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഇലക്ടറല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ വ്യക്തികളുടെ വസ്തുക്കളില്‍ രേഖാമൂലമുള്ള അനുവാദമില്ലാതെ യാതൊരു തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങളും സ്ഥാപിക്കാന്‍ പാടില്ല. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള മൂന്ന് വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും മൂന്ന് വീതം ഫ്ലൈയിംഗ് സ്ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘങ്ങള്‍ക്ക് വാഹനങ്ങളിൽ ഉൾപ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്.
ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ നേരിട്ടറിയിക്കാന്‍ സഹായമൊരുക്കുന്ന സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമാണ്.