തിരുവനന്തപുരം: ജില്ലയിൽ രൂക്ഷമായ കടലാക്രമണമുണ്ടാകുന്ന പൊഴിയൂർ, വലിയതുറ മേഖലകളിൽ കടൽഭിത്തി നിർമാണത്തിനുള്ള പാറ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കടൽക്ഷോഭ മേഖലകളിൽ കടൽഭിത്തി നിർമാണം വേഗത്തിലാക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു.
പാറ ലഭ്യമാകുന്നതിനുള്ള കാലതാമസമാണു കടൽഭിത്തി നിർമാണം വൈകുന്നതിനു കാരണമാകുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു കളക്ടർ ഇന്നലെ ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർത്തത്. കടൽഭിത്തി നിർമാണത്തിനുള്ള വേഗത്തിലാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിനും കളക്ടർ നിർദേശം നൽകി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, നെയ്യാറ്റിൻകര തഹസിൽദാർ അൻസർ, മേജർ ഇറിഗേഷൻ വകുപ്പിലെയും ജിയോളജി വകുപ്പിലേയും ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.