ജനാധിപത്യവ്യവസ്ഥയില് വിദ്യാര്ത്ഥികള്ക്ക് വലിയ ഇടപെടലുകള് നടത്താം – ജില്ലാ കളക്ടർ
ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്പ് ജില്ലാകലക്ടറെ കാണാന് കിട്ടിയ സുവര്ണ്ണ അവസരത്തില് കന്നി വോട്ടര്മാര് പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദി കലക്ടര് പരിപാടിയിലാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കന്നി വോട്ടര്മാര് ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്കുമായി സംവദിച്ചത്.
വിദ്യാര്ത്ഥികളോട് പഠിക്കുന്ന ക്ലാസ്സും വിഷയങ്ങളും ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര് ജനാധിപത്യവ്യവസ്ഥയില് വിദ്യാര്ത്ഥികള്ക്ക് വലിയ ഇടപെടലുകള് നടത്താന് ആകുമെന്നും വോട്ടവകാശം എല്ലാവരും വിനിയോഗിച്ചെങ്കില് മാത്രമെ സമൂഹത്തില് ആവശ്യമായ മാറ്റങ്ങള് ഉണ്ടാക്കാന് കഴിയുകയുള്ളൂവെന്നും. അതിനാല് വിദ്യാര്ത്ഥികള് ഉള്പ്പടെ എല്ലാവരും തിരഞ്ഞെടുപ്പില് പങ്കുചേരണമെന്നും ജില്ലാ കലക്ടര് വിദ്യാര്ത്ഥികളോട് പറഞ്ഞു.
ചൂട് കൂടുന്ന സാഹചര്യത്തില് കുടിവെള്ളം, ഭിന്നശേഷിക്കാര്ക്കുള്ള റാംപ്, വൈദ്യുതി, ബാത്‌റൂം, വെയിറ്റിംഗ് ഷെഡ് എന്നീ അടിസ്ഥാനസൗകര്യങ്ങള് എല്ലാ ബൂത്തുകളിലും ഒരുക്കണമെന്ന് കന്നി വോട്ടര്മാര് ജില്ലാ കലക്ടറോട് അഭിപ്രായപ്പെട്ടു. ഓരോ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കാന് നിര്ദ്ദേശിക്കുന്ന ഈ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില് വീഴ്ച വരാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുമെന്നും ജില്ലാകലക്ടര് ഉറപ്പുനല്കി.
ഇതിനായുള്ള തയ്യാറെടുപ്പുകള് ആരംഭിച്ചു കഴിഞ്ഞതായും കലക്ടര് അറിയിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള് ശ്രദ്ധയില്പ്പെട്ടാല് അത് ഉടന് റിപ്പോര്ട്ട് ചെയ്യാന് ഓരോ വോട്ടര്മാരും ശ്രദ്ധിക്കണം. സി-വിജില് ആപ്പ് മുഖേനയും 1950 എന്ന നമ്പര് വഴിയും പരാതികള് അറിയിക്കാമെന്ന് ജില്ലാ കലക്ടര് പറഞ്ഞു.
ജാഥകള്, പ്രകടനങ്ങള് എന്നിവ നിയന്ത്രണവിധേയമായി നടത്തണമെന്നും വിദ്യാര്ഥികള് അഭിപ്രായപ്പെട്ടു. കൂടാതെ ജില്ലയെ കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും പങ്കുവെച്ചു. കന്നി വോട്ടര്മാരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ശ്രദ്ധയോടെ കേള്ക്കുകയും നടപടി വേണ്ടിടത്ത് ഇടപെട്ടുകയും ചെയ്യുമെന്നും ജില്ലാ കലക്ടര് വിദ്യാര്ത്ഥികള്ക്ക് ഉറപ്പ് നല്കി.
ജില്ലാ കലക്ടറുടെ ചേംബറില് നടന്ന സംവാദത്തില് വിദ്യാര്ത്ഥികളായ അശ്വിന് ബാല് എസ്. നായര്, സി.വി. സത്യന്, എച്ച്. ഹൃദ്യ, എസ്. ശ്രീരഞ്ജിനി, ആര്. ഗോകുല്, ലിയാന, കൃഷ്ണദാസ് പരമേശ്വരന്, സി.സൗമ്യ രാജ് എന്നിവരാണ് ചര്ച്ചയില് പങ്കെടുത്തത്. ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ കെ. ഉണ്ണികൃഷ്ണന്, സ്വീപ്പ് നോഡല് ഓഫീസര് അനില്കുമാര്, അസിസ്റ്റന്റ് ഇന്ഫര്മേഷന് ഓഫീസര് കെ.സുമ , ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.