തിരുവനന്തപുരം: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളില്‍ ഇടപെടേണ്ടതിനാല്‍ അതിന് കഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലെത്തിയപ്പോഴാണ് മന്ത്രി കുട്ടികളോട് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായമായെങ്കിലും കുട്ടികളെ പോലെ നിഷ്‌ക്കളങ്കരായി ഇരിക്കാനാണ് ആഗ്രഹം. ഈ മേള നാടിന്റെ ഉത്സവമായി മാറിയിരിക്കുകയാണ്. ഇത്രത്തോളം വിജയമാകുമെന്ന് തിരുവനന്തപുരം നഗരം പ്രീക്ഷിച്ചില്ല. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പരിപാടി, അവര്‍ തന്നെ സംഘാടകരും വോളന്റിയര്‍മാരും ആകുന്നു. ഇതുപോലൊരു മേള ഇതിന് മുമ്പ് നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്. പി. ദീപക്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പല പദ്ധതികളും നടത്തിയിട്ടുണ്ടെങ്കിലും കുട്ടികളുടെ ചലച്ചിത്രമേള പോലെ ജനശ്രദ്ധയാകര്‍ഷിച്ചതും കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്നതുമായ മറ്റൊരു പരിപാടിയില്ലെന്നും മന്ത്രി പറഞ്ഞു. കേവലം തമാശയും ആനന്ദവുമല്ല ഗൗരവത്തോടെയാണ് കുരുന്നുകള്‍ സിനിമയെ സമീപിക്കുന്നത്. സിനിമയുടെ വിവിധ മേഖലയിലുള്ള പ്രഗത്ഭര്‍ പല സെക്ഷനുകളിലായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു എന്നത് വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചലച്ചിത്രോല്‍സവത്തിലെ ഡെയ്‌ലി ബുള്ളറ്റിന്‍ അഭിരാമി എന്ന ഡെലിഗേറ്റിന് നല്‍കി മന്ത്രി പ്രകാശം ചെയ്തു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, നടന്‍മാരായ കെ. ശ്രീകുമാര്‍, സുധീര്‍ കരമന, കേരളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളായ സൂര്യ, ഇഷാന്‍, ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.