ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി നടന്നു വരുന്ന മെഗാ ക്യാമ്പുകൾ നാളെ(മാർച്ച് 7) അവസാനിക്കുമെന്നും പോളിംഗ് ഉദ്യോഗസ്ഥർ എല്ലാം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.

ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മർത്തോമ ഡെവലപ്‌മെന്റ് സെന്റർ, കായംകുളം ടൗൺഹാൾ, മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 9.30 മുതൽ വാക്‌സിനേഷൻ ആരംഭിക്കും. ഉദ്യോഗസ്ഥർ ഔദ്യോഗിക തിരിച്ചറിയൽരേഖയും ആധാർ കാർഡുമായി അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം.