കൊല്ലം: കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളിലും ആവേശത്തിന്റെ നിറവോടെ വനിതാദിനാഘോഷം. വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടികള്‍ കലക്‌ട്രേറ്റിന്റെ മുന്നില്‍ വര്‍ണാഭമായ റാലിയോടെ തുടങ്ങി. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് അഡീഷണല്‍ ജില്ലാ ജഡ്ജ് എം. സുലേഖ ഉദ്ഘാടനം ചെയ്തു. സ്ത്രീസമത്വം ഇനിയും പൂര്‍ത്തീകരിക്കാത്ത സ്വപ്നമായി തുടരുകയാണെന്ന് ജില്ലാ ജഡ്ജ് പറഞ്ഞു.

സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യത്യസ്തമായ ചിന്താഗതിയും പ്രവര്‍ത്തികളും കൊണ്ട് സമൂഹത്തിനാകെ പ്രചോദനമാകുന്ന വിധത്തില്‍ വനിതാദിനം മാറണമെന്ന് സബ് കലക്ടര്‍ പറഞ്ഞു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹരായവരെ ആദരിച്ചു. ഗാര്‍ഹിക തൊഴിലാളി സി. ഷൈനി റെയ്ച്ചല്‍, കശുവണ്ടി തൊഴിലാളി പി. സരസ്വതിയമ്മ, ചുമട്ടുതൊഴിലാളി വൈ. നസറുദ്ദീന്‍ എന്നിവര്‍ക്കാണ് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കിയത്.

കോവിഡ് യോദ്ധാക്കള്‍ക്കുള്ള പുരസ്‌കാരം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്‌സുമാരായ അനു മാത്യു, മേരി താലിയ എന്നിവര്‍ക്ക് സമ്മാനിച്ചു. കോവിഡ്-19 ലോകത്ത് തുല്യത കൈവരിക്കുക എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം. മഹിള മാഗസിന്റെ പ്രകാശനവും നടന്നു.