ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ആലപ്പുഴ ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴു വരെ ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും ഡ്രൈഡേ ആയതിനാല്‍ വന്‍തോതില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സ്റ്റോക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. അവ തടയുന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ എല്ലാ എക്സസൈസ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 2696 (0477 2252049)ല്‍ ബന്ധപ്പെട്ട് പരാതികള്‍ നല്‍കാം. എക്സസൈസ് സര്‍ക്കിള്‍ ഓഫീസുകളുമായും എക്സസൈസ് റേഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ടും പരാതികള്‍ നല്‍കാം.