കൊല്ലം: തലമുറകള്‍ക്കുള്ള കരുതലാകണം മാലിന്യമുക്തമായ നാടെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിച്ച ബീച്ച് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ലീവ് നോ ട്രേസ്’ അഥവാ ‘ഒരു തുമ്പും ഉപേക്ഷിക്കരുത്’ എന്ന സന്ദേശവുമായാണ് 130 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കൊല്ലം ബീച്ചിലെ മാലിന്യങ്ങള്‍ നീക്കിയത്.
‘സ്വീപി’ന്റെ നേതൃത്വത്തില്‍ ജില്ലയിലാകെ പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ ബീച്ചില്‍ എത്തി. വോട്ടു ചെയ്യുന്നതിന്റ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണത്തോടൊപ്പം വോട്ടിംഗ് രീതി പരിചയപ്പെടാനുള്ള അവസരവും ഒരുക്കി. വിദ്യാര്‍ഥികള്‍ക്കായി സംശയനിവാരണവും നടത്തി. എന്‍.എസ്.എസ് കൊല്ലം, പത്തനംതിട്ട മേഖലകളിലെ വളണ്ടിയര്‍മാര്‍ക്കൊപ്പം സേഫ് കൊല്ലം വളണ്ടിയര്‍മാരും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്‍. എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.വി. എം ജോയ് വര്‍ഗീസ്, ബസേലിയോസ് മാത്യൂസ് കോളേജ് ഓഫ് എന്‍ജിനീയറിങ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഉമ്മന്‍ സാമുവല്‍, പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സെഡ്. എ. സോയ, ട്രാവന്‍കൂര്‍ മെഡിസിറ്റി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. അശോക്, എന്‍.എസ്.എസ് കൊല്ലം, പത്തനംതിട്ട റീജിയണല്‍ കോര്‍ഡിനേറ്റര്‍ എച്ച്. ഷാരോസ്, എന്‍.എസ്.എസ് യൂണിറ്റ് കോര്‍ഡിനേറ്റര്‍മാരായ പി. ഒ അജീഷ, ദര്‍ശന എസ്. ബാബു, കൊല്ലം കോര്‍പ്പറേഷന്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍, വോട്ട് വണ്ടിയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
