എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷൻ ഫോമുകൾ ഓൺലൈനായി പൂരിപ്പിക്കാം. എന്നാൽ പൂരിപ്പിച്ച അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ സാധിക്കില്ല. ഇത് പ്രിൻ്റ് എടുത്ത് ഓരോ നിയോജക മണ്ഡലത്തിൻ്റെയും ബന്ധപ്പെട്ട വരണാധികാരികൾക്ക് നേരിട്ട് സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ സുവിധ പോർട്ടൽ വഴിയാണ് പൂരിപ്പിക്കേണ്ടത്. ഇതിനായി http://suvidha.eci.gov.in എന്ന ലിങ്കിൽ പ്രവേശിക്കണം. ഇതിൽ എസി ഇലക്ഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം ഇലക്ഷൻ – ഫെബ്രു- 2021 എന്നത് സെലക്ട് ചെയ്ത് നൽകണം. മൊബൈൽ നമ്പർ നൽകി വെരിഫിക്കേഷനു ശേഷം പേജിൽ പ്രവേശിക്കാം. സ്ഥാനാർത്ഥിക്കോ പാർട്ടി പ്രതിനിധി ക്കോ സ്ഥാനാാർത്ഥിയുടെ പ്രതിനിധി ക്കോ തിരഞ്ഞെടുപ്പ് ഏജൻ്റിനോ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകളുടെ പ്രിൻറ് എടുത്ത് ബന്ധപ്പെട്ട വരണാാധികാരിക്ക് സമർപ്പിക്കണം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ്റെ വെബ്സൈറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ അപ് ലോഡ് ചെയ്യും. പൊതുജനങ്ങൾക്ക് കാൻഡിഡേറ്റ് അഫിഡവിറ്റ് മാനേജ്മെൻ്റ് വഴി പത്രിക സമർപ്പണത്തിൻ്റെ വിവരങ്ങൾ അറിയാം.
