മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മാതൃകപെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 13 പരാതികള്‍. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന് പൊതുജനങ്ങളില്‍ നിന്ന് ആറ് പരാതികളും വിവിധ വകുപ്പുകള്‍ മുഖേന ഏഴ് പരാതികളുമാണ് ലഭിച്ചത്. തുടര്‍ നടപടികള്‍ക്കായി പരാതികള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് കൈമാറിയതായി നോഡല്‍ ഓഫീസറായ എ.ഡി.എം ഡോ.എം.സി റെജില്‍ പറഞ്ഞു. മാതൃകപെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും പൊതുജനങ്ങളില്‍ നിന്നുണ്ടായത്.

അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ അനുമതി തേടിയുള്ള അപേക്ഷകളും ലഭിച്ചു. ഇതില്‍ മാതൃകപെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികള്‍ക്ക് അനുമതി നിഷേധിച്ചതായി നോഡല്‍ ഓഫീസറായ എ.ഡി.എം അറിയിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്‌ക്വാഡ് എന്ന നിലയിലാണ് ആന്റി ഡീഫേഴ്സ് സ്‌ക്വാഡിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വരും ദിവസങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും മൂന്ന് സ്‌ക്വാഡ് എന്ന രീതിയില്‍ ഇത് വിപുലീകരിക്കും. ഓരോ താലൂക്കുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.