ഇടുക്കി: പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത സി വിജില്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് ടീം പ്രവര്‍ത്തിക്കുന്നത്.
നോഡല്‍ ഓഫീസര്‍മാരായ അനില്‍ ഐസക്, ഷംനാദ് സിഎം എന്നിവരാണ് ടീം ലീഡര്‍മാര്‍. ഇവരോടൊപ്പം ആപ്പുകള്‍ കൈകാര്യം ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ സ്റ്റേറ്റ് ഐ.ടി മിഷനിലെ ജീവനക്കാരായ എബിന്‍ ജോസഫ്, ജോബിന്‍ അലക്സ്, ഡിജോ ജേക്കബ്, മനു മാത്യു, മിയാ പോള്‍ എന്നിവരുമുണ്ട്.
പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.
പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാം. ആപ്പിന്റെ ലിങ്ക് https://play.google.com/store/apps/details?id=in.nic.eci.cvigil.
ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതുകൊണ്ടു തന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും.
പരാതികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ആദ്യം ലഭിക്കുക. ഉടന്‍തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് അതത് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും.
സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും.അജ്ഞാത പരാതിക്കാര്‍ക്ക് പരാതിയുടെ സ്ഥിതി മൊബൈലില്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് അതത് റിട്ടേണിംഗ് ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെട്ടാല്‍ വിവരം ലഭിക്കുന്നതാണ്.

ഫോട്ടോ
ഇടുക്കി കളക്ടറേറ്റിലെ സി വിജില്‍ പരിശോധന