തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകൻ എസ് കെ ചാറ്റർജി തൃശൂരിൽ സന്ദർശനം നടത്തി. തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ചുമതല. ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികൾ, അസിസ്റ്റന്റ് നിരീക്ഷകർക്കുള്ള പരിശീലനം, എം സി എം സി നടത്തിപ്പ്, പെയ്ഡ് വാർത്തകളുടെ നിരീക്ഷണം, കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവയെ സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസുമായി എസ് കെ ചാറ്റർജി ചർച്ച ചെയ്തു.തുടർന്ന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ട്രേറ്റിൽ നടന്ന് വരുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അദ്ദേഹം നേരിട്ട് വിലയിരുത്തി. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ പെയ്ഡ് വാർത്തകൾ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷകർക്ക് നിർദേശം നൽകി. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന പെയ്ഡ് വാർത്തകൾ കണ്ടെത്താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ 13 നിയോജകമണ്ഡലങ്ങിലെയും അസിസ്റ്റന്റ് ചെലവ് നിരീക്ഷകരുമായി കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തി. നിരീക്ഷകർ അവരവർക്ക് നിയോഗിക്കപ്പെട്ട നിയോജകമണ്ഡലങ്ങൾ സന്ദർശിച്ചു വിലയിരുത്തണമെന്നും എസ് കെ ചാറ്റർജി നിർദേശിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലായി തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങൾ അദ്ദേഹം സന്ദർശിക്കും. 13 നിയോജകമണ്ഡലങ്ങളിലായി നാല് ചെലവ് നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
