മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവി പാറ്റ് മെഷീനുകള്‍ എന്നിവ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൊത്തം  4875 പോളിങ് ബൂത്തുകളിലേക്കായി 5932 ബാലറ്റ് യൂണിറ്റുകളും, 5932 കണ്‍ട്രോള്‍ യൂണിറ്റുകളും, 6613 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് 2143 ബൂത്തുകളിലായി  2608 ബാലറ്റ് യൂണിറ്റുകളും, 2608 കണ്‍ട്രോള്‍ യൂണിറ്റുകളും, 2906  വിവിപാറ്റുകളുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ അലോക് കുമാര്‍ ഐ.ആര്‍.എസ്, അസിസ്റ്റന്റ്  കലക്ടര്‍ പി. വിഷ്ണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ജില്ലാ പ്രോഗ്രാമര്‍ ഇ.എം ജിജു, ഇ.വി.എം നോഡല്‍ ഓഫീസര്‍ രാജേഷ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ പി. അബൂബക്കര്‍, കെ.സജിത്ത്, എച്ച്.എസ് ദേവകി,  വരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.