പരാതികളിലധികവും അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നതിനെതിരേ
കാസർഗോഡ്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ 565 പരാതികള്‍ ലഭിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
ലഭിച്ച പരാതികളില്‍ 554 പരാതികളും ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു. 11 പരാതികള്‍ കഴമ്പില്ലാത്തവയായതിനാല്‍ തള്ളി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 53 പരാതികളിലും കാസര്‍കോട് മണ്ഡലത്തില്‍ 167 പരാതികളിലും മഞ്ചേശ്വരം മണ്ഡലത്തില്‍ 280 പരാതികളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് പരാതികളിലും ഉദുമ മണ്ഡലത്തില്‍ 51 പരാതികളിലുമാണ് ഇതുവരെ നടപടി സ്വീകരിച്ചത്.
പരാതികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറുകയും ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.
കളക്ടറേറ്റിലാണ് ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സി വിജിലിലൂടെ പരാതി നല്‍കാം. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും.