കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടത്തിയപ്പോള്‍ മിനുങ്ങിയത് ജില്ലയുടെ മുഖച്ഛായ. പോസ്റ്ററുകളും കൊടിതോരണങ്ങളും നിറഞ്ഞ നിരത്തുകള്‍ ഇപ്പോള്‍ ‘ക്ലീന്‍’. പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജജിതമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സാക്ഷ്യം. 11 നിയോജക മണ്ഡലങ്ങളിലായി ഇതുവരെ പൊതുഇടങ്ങളിലെ 34 അനധികൃത ചുവരെഴുത്തുകള്‍ നീക്കം ചെയ്തു. 7066 പോസ്റ്ററുകള്‍, 1419 ഫ്‌ളെക്‌സ് ബോര്‍ഡുകള്‍-ബാനറുകള്‍, 1777 കൊടിതോരണങ്ങള്‍ എന്നിവയും ഇളക്കി മാറ്റി.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്നും 65 അനധികൃത ബാനറുകളും പോസ്റ്ററുകളും കൊടിതോരണങ്ങളുമാണ് നീക്കം ചെയ്തത്.
ജില്ലയില്‍ 24 മണിക്കൂറും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. എം.സി.സിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂമും സദാജാഗരൂകം. അനധികൃതമായി സ്ഥാപിച്ചവയെല്ലാം കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി 12 ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകളുണ്ട്.

വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് ഫ്‌ളയിങ് സ്‌ക്വാഡുകള്‍ വീതവും. ഓരോ മണ്ഡലങ്ങളിലും നടക്കുന്ന ജാഥകള്‍, പ്രസംഗം എന്നിവ ചിത്രീകരിക്കുന്നതിനായി 11 വീഡിയോ സര്‍വയിലന്‍സ് ടീമുകളും അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനായി 33 സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീമുകളും പ്രവര്‍ത്തിക്കുന്നതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.