കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ ‘സി വിജില്‍ ആപ്പ്’. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്ക് പുറമേ തിരഞ്ഞെടുപ്പ് ചെലവ് പരിധിയെക്കുറിച്ചുള്ള പരാതികളും സമര്‍പ്പിക്കാം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കമാണ് സി വിജില്‍.

‘ഗൂഗിള്‍ പ്ലേ സ്റ്റോറില്‍’ നിന്നോ ‘ആപ്പ് സ്റ്റോറില്‍’ നിന്നോ സി വിജില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയോ അല്ലാതെയൊ പരാതികള്‍ സമര്‍പ്പിക്കാം. പരാതിക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങളും തുടര്‍നടപടിയും സന്ദേശങ്ങളായി ലഭിക്കും. ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ സഹിതം പരാതിപ്പെടാം. മുന്‍കൂട്ടി ചിത്രീകരിച്ച ദൃശ്യങ്ങളോ ശബ്ദ സന്ദേശങ്ങളോ അംഗീകരിക്കില്ല. കൃത്യത ഉറപ്പു വരുത്തുന്നതിനായി ലൈവ് അല്ലെങ്കില്‍ അഞ്ച് മിനിറ്റ് മുന്‍പ് ചിത്രീകരിച്ച ചിത്രങ്ങളോ ദൃശ്യങ്ങളോ മാത്രമാണ് അപ്‌ലോഡ് ചെയ്യാനാകുക.

കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് വിപുല സജ്ജീകരണങ്ങളുണ്ട്. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് 11 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അഞ്ച് മിനിറ്റിനുള്ളില്‍ അതത് സ്ഥലങ്ങളിലെ ഫീല്‍ഡ് ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് – വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ക്ക് കൈമാറി സത്വര നടപടി കൈക്കൊള്ളും.

റിപ്പോര്‍ട്ട് വരണാധികാരികള്‍ക്ക് കൈമാറും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി ഇതുവരെ 558 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍(169) എന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ.സതീഷ് കുമാര്‍ പറഞ്ഞു.