സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഗ്രാമങ്ങളില്‍ ആരംഭിക്കുന്ന പിആര്‍ഡി സഹായ കേന്ദ്രം പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാന നതല ഉദ്ഘാടന വേദിയില്‍ സഹായ കേന്ദ്രത്തിന്റെ ലോഗോ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് മുഖ്യമന്ത്രി കൈമാറി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പിആര്‍ഡി സഹായ കേന്ദ്രം പദ്ധതിക്ക് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ഇ പി ലത കൈപ്പുസ്തകം ഏറ്റുവാങ്ങി.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ക്ഷേമനിധി ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രാമ തലത്തില്‍ ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയാണ് പിആര്‍ഡി സഹായ കേന്ദ്രത്തിന്റ ലക്ഷ്യം. ഇതിനായി ഓരോ പ്രദേശത്തെയും വായനശാലകള്‍, കലാസമിതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ തെരഞ്ഞെടുക്കും. ഈ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അര്‍ഹതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം അറിയാനാകും.
അതത് സമയങ്ങളില്‍ വരുന്ന മാറ്റങ്ങളും പുതിയ പദ്ധതികളും ഓണ്‍ലൈനായി ഈ കേന്ദ്രങ്ങളിലേക്ക് നല്‍കാനും സംവിധാനമൊരുക്കും. ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീ ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പിലും ഈ വിവരങ്ങള്‍ ലഭ്യമാക്കും.