സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന കാലിടറാതെ കാവലാളാകാം എന്ന നാടകം ഇന്ന് (മെയ് 20) ചെറുതോണിയിലെ പ്രദര്‍ശന വിപണന മേളയില്‍ അരങ്ങേറും. ലഹരി വിരുദ്ധ സന്ദേശം പ്രമയമായി അവതരിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും എന്‍ എന്‍ സന്തോഷ് വഴിത്തലയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എക്‌സൈസ് വകുപ്പിലെ എട്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നാടകത്തില്‍ അഭിനയിക്കുന്നത്.ലഹരിക്കടിമപ്പെടുന്ന സമകാലിക സമൂഹത്തിന്റെ വിഹ്വലതകള്‍ മൂന്ന് വ്യത്യസ്ഥ രീതയിലാണ് വേദയില്‍ എത്തുക.ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവാണ് എട്ടുപേരടങ്ങുന്ന സംഘത്തിനെ നയിക്കുന്നത്. ജില്ലക്ക് അകത്തും പുറത്തുമായി നിരവധി വേദികളില്‍ ഇതിനകം ഇവര്‍ നാടകം അവതരിപ്പിച്ചു കഴിഞ്ഞു. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഓരോ രംഗങ്ങളും വേദിയിലെത്തുക.മൂന്നു വ്യത്യസ്ഥ കുടുംബ പശ്ചാത്തലങ്ങളിലെ ലഹരിയുടെ ഉപയോഗത്തെയും അതിലൂടെ കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയും നാടകത്തില്‍ പ്രതിപാദിക്കുന്നു.ബാലനെന്ന ഗൃഹനാഥന്‍ മദ്യപാനത്തിന് അടിമപ്പെടുന്നതും,മകന്റെ ലഹരി ഉപയോഗത്തില്‍ മനോവേദന അനുഭവിക്കുന്ന പിതാവിലൂടെയും, പ്രവാസി യുവാവിന്റെ പിതാവിലൂടെയും കഥ മുന്നോട്ട് പോകുന്നു.എട്ടുപേര്‍ ചേര്‍ന്ന് 24 കഥാപാത്രങ്ങളാണ് വേദിയില്‍ അവതരിപ്പിക്കുക.സ്ത്രീകഥാപാത്രങ്ങളായി വേഷപകര്‍ച്ചയിലൂടെ ഈ ഉദ്യോഗസ്ഥര്‍തന്നെ വേദിയില്‍ എത്തുന്നു. ഒരോരുത്തരും മൂന്ന് വ്യത്യസ്ഥ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ഉദ്യോഗസ്ഥരുടെ ഈ കലാസൃഷ്ടി ഇന്ന് വേദയിലെത്തുമ്പോള്‍ നാല്‍പത് ഇടങ്ങളില്‍ ഇതിനകം തങ്ങളുടെ നാടകം പ്രദര്‍പ്പിച്ചു എന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. എക്‌സൈസ് ഉദ്യോഗസ്ഥരായ സാഗര്‍, കെ ആര്‍ സത്യന്‍,സെബാസ്റ്റിയന്‍ പി എ, ഷനേജ് കെ, ഷിജു പി കെ,അഗസ്റ്റ്യന്‍ ജോസഫ്,മുഹമ്മദ് റിയാസ്,പ്രദീഷ് സി എം , ബിനീഷ് എന്നിവരാണ് നാടകത്തിന് ജീവന്‍ പകരുന്നത്.