നാമനിര്‍ദേശ പത്രികാ സമര്‍പ്പണം 19ന് അവസാനിക്കും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സി.പി.ഐ.എമ്മിലെ വി.വി. രമേശന്‍ (54), പി. രഘുദേവന്‍ (68) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എആര്‍) ഷാജി എം.കെ മുമ്പാകെയും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിലെ എ.കെ.എം അഷ്‌റഫ് (43) സഹവരണാധികാരി ബി.ഡി.ഒ എസ്. അനുപം മുമ്പാകെയും പത്രിക നല്‍കി.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിലെ എം.എ. ലത്തീഫ് (55), അബ്ദുല്‍ അസീസ് (53) എന്നിവര്‍ വരണാധികാരി ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെ പത്രിക നല്‍കി. ഉദുമ നിയോജക മണ്ഡലത്തില്‍ സി.പി.ഐ.എമ്മിലെ സി. ബാലന്‍ (59) വരണാധികാരി ജയജോസ് രാജ് സി.എല്‍ മുമ്പാകെ പത്രിക നല്‍കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ടി. മഹേഷ് (36) സഹവരണാധികാരി ബി.ഡി.ഒ എസ്. രാജലക്ഷ്മി മുമ്പാകെ പത്രിക നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വ്യാഴാഴ്ച പത്രികളൊന്നും ലഭിച്ചില്ല. പത്രികാ സമര്‍പ്പണം മാര്‍ച്ച് 19 വൈകീട്ട് മൂന്ന് മണി വരെയാണ്.