എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഞായറാഴ്ച (21/03/21) നടക്കും. 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട് കുഴിക്കാട്ടുമൂലയിലുള്ള കേന്ദ്രത്തില്‍ നിന്നും രാവിലെ എട്ട് മണിമുതല്‍ വിതരണം ചെയ്യും. ഇതിനായി എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഹാജരാകണം.
ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യന്ത്രം എന്നിവയുടെ വിതരണം എട്ട് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. കണ്‍ട്രോള്‍ യൂണിറ്റുകളുടെ വിതരണമാണ് ആദ്യം നടക്കുക. ഓരോ കൗണ്ടറിലും 48 ബോക്സുകളാണ് ഇതിനായി തുറക്കേണ്ടത്. റാന്‍ഡമൈസേഷന്‍ (ക്രമരഹിതപ്പെടുത്തൽ) നടത്തിയ പട്ടിക പ്രകാരമാണ് വിവിധ നിയോജകമണ്ഡലങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറുന്നത്.
അതത് നിയോജകമണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകളുടെ കൗണ്ടറുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കും. ഇലക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണത്തോടെ കവചിത വാഹനങ്ങളിലാണ് ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകളിലേക്ക് യന്ത്രങ്ങള്‍ മാറ്റുന്നത്. 500ഓളം ഉദ്യോഗസ്ഥരെയാണ് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്.