മലപ്പുറം: ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തും.
പ്രശ്നബാധിത ബൂത്തുകളില്‍ സിസിടിവി ക്യാമറ സംവിധാനവും സജ്ജീകരിക്കും. നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളും പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി തുടങ്ങിയ തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളേറെയും. ഇവിടങ്ങളില്‍ കേന്ദ്രസേനയെ നേരത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് തലേദിവസം തണ്ടര്‍ബോള്‍ട്ടുമെത്തും. ഒരു മണിക്കൂറിനുള്ളില്‍ പൊലീസിന് എത്തിച്ചേരാനാകുന്ന ദൂരപരിധിയിലുള്ള പോളിങ് ബൂത്തുകളെ ഗ്രൂപ്പാക്കി തിരിച്ചാണ് സുരക്ഷാക്രമീകരണമെന്ന് ജില്ലാ പൊലീസ് ഇലക്ഷന് സെല്‍ നോഡല്‍ ഓഫീസര്‍ ജി.സാബു പറഞ്ഞു.