കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനായി നോമിനേഷന്‍ സ്വീകരിക്കുന്നതുള്‍പ്പെടെ കൃത്യതയാര്‍ന്ന ഒരുക്കങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും തിരഞ്ഞെടുപ്പ് ചട്ടം പാലിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ ബാനറുകള്‍ തുടങ്ങിയവ നീക്കം ചെയ്തു കഴിഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനാ സംഘത്തിന്റെ ചുമതലയുടെ ഭാഗമായും പ്രവര്‍ത്തനം തുടരുകയാണ്.

ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പ്രവര്‍ത്തനവും നടത്തുന്നു. മാതൃകാ ബൂത്തുകള്‍ ഒരുക്കിയിട്ടുമുണ്ട്. പരമാവധി പേരെ വോട്ടു ചെയ്യിക്കുന്നതിനുള്ള സന്ദേശ പ്രചാരണം വ്യത്യസ്ത മാധ്യമങ്ങളിലൂടെ നടത്തി വരുന്നു. സ്വീപിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.

പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കുന്നതിന് മൊബൈല്‍ ആപ്പുകളുടെ സേവനം വിനിയോഗിക്കുന്നു. സി വിജില്‍ ആപ്പ് വഴിയാണ് പരിഹാര നടപടികള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ നടപ്പിലാക്കുന്നതിനും എന്‍. ഐ. സി യുടെ സഹായത്തോടെ നിരീക്ഷണം സുശക്തമാക്കി.
അനധികൃത പണമിടപാടോ മറ്റു ചട്ടലംഘനങ്ങളോ തടയുന്നതിന് പോലിസിന്റെ സഹകരണത്തോടെയാണ് നടപടികള്‍. റിട്ടേണിംഗ് ഓഫീസര്‍മാരെല്ലാം ചുമതലകള്‍ നിര്‍വഹിക്കുന്നത് നിത്യേന പരിശോധിച്ച് വരുന്നു.

വോട്ടെടുപ്പിനുള്ള സജ്ജീകരണവും മെഷീനുകളുടെ സുരക്ഷാകാര്യവും നിര്‍വഹിച്ചിട്ടുണ്ട്. പത്രികാ സമര്‍പണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള നടപടികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം സജ്ജമായി. മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചട്ടലംഘനം സംഭവിക്കുന്നത് തടയുന്നതിനും സംവിധാനം ഒരുക്കി. തിരഞ്ഞെടുപ്പ് നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടത്തിയതായി കലക്ടര്‍ വിശദമാക്കി. കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ നിരീക്ഷക സംഘം വിവിധ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. മികച്ച രീതിയിലാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ എന്ന് അവര്‍ അറിയിച്ചു.