പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക മണ്ഡലത്തില്‍ 20, ആറന്മുള നിയോജക മണ്ഡലത്തില്‍ 15, കോന്നി നിയോജക മണ്ഡലത്തില്‍ 16, അടൂര്‍ നിയോജക മണ്ഡലത്തില്‍ 18 പത്രികകളാണ് സമര്‍പ്പിച്ചത്. ഇന്നലെ മാത്രം ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ടത് 44 പത്രികകളാണ്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്നലെ 11 പത്രികയാണ് സമര്‍പ്പിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അശോകന്‍ മൂന്ന് പത്രികയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി ജി. ശ്യാംകുമാര്‍ ഒരു പത്രികയും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍ മൂന്നു പത്രികയും ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ഥി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ തോമസ്, യേശുദാസന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി രാജേന്ദ്രദാസ് എന്നിവര്‍ ഓരോ പത്രിക വീതവും സമര്‍പ്പിച്ചു.
റാന്നി നിയോജക മണ്ഡലത്തില്‍ ഇന്നലെ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചത്.

രാഷ്ട്രീയ ജനതാദളിലെ ജോമോന്‍ ജോസഫ്, കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോര്‍ജ്, ബി.എസ്.പി സ്ഥാനാര്‍ഥി അനുമോള്‍, ഭാരത് ധര്‍മ ജനസേന സ്ഥാനാര്‍ഥി പദ്മകുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍, ആര്‍.പി.ഐ(എ) സ്ഥാനാര്‍ഥി വി. പൊന്നമ്മ, സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ.ബി അജികുമാര്‍ എന്നിവര്‍ ഓരോ പത്രികയും സ്വതന്ത്ര സ്ഥാനാര്‍ഥി മഞ്ജു രണ്ടു പത്രികയുമാണ് സമര്‍പ്പിച്ചത്.

ആറന്മുള നിയോജക മണ്ഡലത്തില്‍ ഇന്നലെ എട്ട് പത്രികകളാണ് സമര്‍പ്പിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജു മാത്യു രണ്ടു സെറ്റ് പത്രികകളും, അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാര്‍ത്ഥി കെ.ആര്‍ ജയമോഹന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സുഗതന്‍, എസ്.രാമചന്ദ്രന്‍, സി.കെ.അര്‍ജുനന്‍,വി.ആര്‍ പ്രശാന്ത്, ശിവദാസന്‍ നായര്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.

കോന്നി നിയോജക മണ്ഡലത്തില്‍ ഇന്നലെ ആറ് പത്രികകളാണ് സമര്‍പ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ രണ്ട് പത്രികയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി മനോജ് ജി. പിള്ള, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥി ജിജോ ജി.മോഡി, ഐ.എന്‍.ഡി സ്ഥാനാര്‍ഥി മനോഹരന്‍, അംബേദ്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി സുകു ബാലന്‍ എന്നിവര്‍ ഓരോ പത്രികയും സമര്‍പ്പിച്ചു.

അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നലെ 10 പത്രികകളാണ് സമര്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥി സുശീല, ബിജെപി സ്ഥാനാര്‍ഥി അഡ്വ.കെ പ്രതാപന്‍ എന്നിവര്‍ രണ്ട് സെറ്റ് വീതം പത്രികകളും, സി.പി.ഐ സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍, സി.പി.ഐ സ്ഥാനാര്‍ഥി കെ.ഉദയകുമാര്‍, ബി.എസ്.പി സ്ഥാനാര്‍ഥി വി.വിപിന്‍ കുമാര്‍, ഐ.എന്‍.സി സ്ഥാനാര്‍ഥി എസ്.ഉണ്ണികൃഷ്ണന്‍, ഐ.എന്‍.സി സ്ഥാനാര്‍ഥി കണ്ണന്‍, സ്വതന്ത്രസ്ഥാനാര്‍ഥി ആര്‍.കണ്ണന്‍, എന്നിവര്‍ ഓരോ പത്രികയും സമര്‍പ്പിച്ചു.

സൂക്ഷ്മപരിശോധന ഇന്ന്(20) നടക്കും. 22 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുവാനുള്ള ദിവസം.