എറണാകുളം: നിയമസഭാ തിര‍‍ഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 239 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശപത്രികകള്‍ വരെ സമര്‍പ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ഒന്നിലധികം നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വിവിധ നിയോജകമണ്ഡലങ്ങളുടെ വരണാധികാരികള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് സൂക്ഷ്മപരിശോധന നടത്തുന്നത്.

വിവിധ നിയോജകമണ്ഡലങ്ങളില്‍ ലഭിച്ചിരിക്കുന്ന നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം യഥാക്രമം പെരുമ്പാവൂര്‍ 19, അങ്കമാലി 13, ആലുവ 19, കളമശ്ശേരി 17, പറവൂര്‍ 15, വൈപ്പിന്‍ 13, കൊച്ചി 19, തൃപ്പൂണിത്തുറ 18, എറണാകുളം 22, തൃക്കാക്കര 21, കുന്നത്തുനാട് 18, പിറവം 13, മൂവാറ്റുപുഴ 14, കോതമംഗലം 18 എന്നിങ്ങനെയാണ്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാകും.