വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കുളള 1134 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂനിറ്റുകളും 1267 വിവിപാറ്റുകളുമാണ് ഞായറാഴ്ച്ച വിതരണം ചെയ്തത്.

മാനന്തവാടി നിയോജക മണ്ഡലത്തിലെ 299 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 358 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 333 ബൂത്തുകളിലേക്ക് റിസര്‍വ് ഉള്‍പ്പെടെ 398 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂനിറ്റുകളും 445 വിവിപാറ്റുകളും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 316 ബൂത്തുകളിലേക്ക് 378 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂനിറ്റുകളും 422 വിവിപാറ്റുകളും വിതരണം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഇലക്ഷന്‍ കമ്മീഷന്‍ വെയര്‍ഹൗസില്‍ നിന്നാണ് മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ (ഇഎംഎസ്) ഉപയോഗിച്ച് സ്‌കാന്‍ ചെയ്തു പരിശോധിച്ച ശേഷമാണ് മെഷീനുകള്‍ ഏറ്റുവാങ്ങിയത്. ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളില്‍ പോലീസ് എസ്‌കോര്‍ട്ടോടു കൂടി ഇവ നിയോജക മണ്ഡലങ്ങളില്‍ സജ്ജമാക്കിയ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. പോളിംഗ് ദിവസം മുതല്‍ വോട്ടെണ്ണല്‍ വരെ പോലീസ് കാവലില്‍ അതത് സ്‌ട്രോങ് റൂമുകളില്‍ വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കും.