സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാന്നെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്നും മാറി പഠിക്കാനുള്ള അവസരമുണ്ടായാൽ മാത്രമേ മാറുന്ന ലോകത്ത് പുതിയ അറിവുകൾ നേടാൻ വിദ്യാർഥികൾക്ക് കഴിയൂ. അറിവുകൾ ദിനംപ്രതി പൊളിച്ചടുക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌ക്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗഗിക്കുകയായിരുന്നു അദ്ദേഹം. പാറശാല നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ ‘സൂര്യകാന്തി’ യുടെ ഭാഗമായിട്ടായിരുന്നു മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചത്.
പാറശ്ശാല മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ  രംഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്നത് 22 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസുകളാക്കി പാറശ്ശാല മണ്ഡലത്തെ വിദ്യാഭ്യാസ രംഗത്തെ ഹൈടെക് മണ്ഡലമാക്കുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൈലച്ചൽ ഗവർൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ, കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ, ഡോ. വെള്ളായണി അർജുനൻ, ഡോ. കെ.എസ്.വി. വേണുഗോപൻ നായർ, കവി വി. മധുസൂദനൻ നായർ, നെയ്യാറ്റിൻകര ലത്തീൻ അതിരൂപത ബിഷപ് ഡോ. വിൻസെൻറ് സാമുവൽ, ദക്ഷിണ കേരള മഹാ ഇടവക ബിഷപ് റവ. എ. ധർമ്മരാജ് റസാലം, തിരുവനന്തപുരം ബി.എഫ്.എം ആർച്ച് ബിഷപ് റവ. ഡോ. മോസസ് സ്വാമിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.