കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതിനും വേഗത്തില്‍ പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായം തുടങ്ങുന്നതിന് അപേക്ഷ നല്‍കിയാലുള്ള തടസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വലിയൊരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകും. വിവിധ അനുമതികള്‍ക്കുള്ള അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ കിട്ടിയതായി കണക്കാക്കുന്നതിന് ചട്ടം പരിഷ്‌കരിച്ചു കഴിഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു. അതേ സമയം വികസനമെന്നത് എല്ലാ മേഖലകളുമായും ബന്ധപ്പെട്ടതാണ്. മാലിന്യ നിര്‍മാര്‍ജനം, ശുദ്ധജലം, വിഷരഹിതമായ ഭക്ഷണം എന്നിവയെല്ലാം വികസനത്തിന്റെ ഭാഗമാണ്.
പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കിയതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമായ അഴിച്ചുപണി വേണമെന്ന നിലപാടാണ്  സര്‍ക്കാരിനുള്ളത്. ആരോഗ്യരംഗത്ത് ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ ആര്‍ദ്രം മിഷന്‍ വഴിയൊരുക്കി. കിടപ്പാടമില്ലാത്ത അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഭവനങ്ങള്‍ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ലൈഫ് മിഷന്‍.
ദേശീയപാത അടക്കമുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു വരുന്നു. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ കൂറ്റനാട് വരെ ഏകദേശം പൂര്‍ത്തിയായി. വാതക വിതരണ ശൃംഖല സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു. കൂടംകുളത്തു നിന്നുള്ള വൈദ്യുതി ലൈനും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തീരദേശ, മലയോര ഹൈവെകള്‍, കോവളം ബേക്കല്‍ ജലപാതകള്‍, ശബരി റെയില്‍ എന്നിവയും നടപ്പാക്കും. വികസനത്തിന് പണം പ്രശ്‌നമാകാതിരിക്കാനാണ് കിഫ്ബി രുപീകരിച്ചത്.
ഇന്റര്‍നെറ്റ് അവകാശമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ലൈബ്രറികളിലും പാര്‍ക്കുകളിലും സൗജന്യമായി വൈ ഫൈ ലഭ്യമാക്കും. ഐ ടി മേഖല കൂടുതല്‍ ശക്തമാക്കും. ഇ ഗവേണന്‍സിലൂടെ ഭരണം കാര്യക്ഷമമാക്കും. നൂതനാശയങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ്  മിഷനിലൂടെ പ്രോത്സാഹനം നല്‍കും. ഇത്തരത്തില്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനുകൂലാന്തരീക്ഷത്തിന് പ്രചാരണം നല്‍കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള അംബാസഡര്‍മാരാകുന്നതിനും വ്യവസായികള്‍ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
തൊഴിലാളി യൂണിയനുകള്‍ മൂലം വ്യവസായം സ്തംഭിക്കുന്ന അവസ്ഥ കേരളത്തിലില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപെടുന്നു. നോക്കുകൂലി വേണ്ടെന്ന് തൊഴിലാളി യൂണിയനുകള്‍ തന്നെ സമ്മതിച്ചു. എന്തെങ്കിലും ഒറ്റപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും.
ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന് കേരളത്തിലെ സാധ്യതകള്‍ ശ്രദ്ധിക്കേണ്ടതാണ്. കേരള ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കണം. ഐ ടി മേഖലയില്‍ 100 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 45 ലക്ഷം ചതുരശ്ര അടി ഇതിനകം ലഭ്യമായി. കാക്കനാടിനെ സിലിക്കണ്‍ വാലിയുടെ മാതൃകയില്‍ സൈബര്‍ വാലിയാക്കി വിപുലപ്പെടുത്താന്‍ പദ്ധതി ആവിഷ്‌കരിക്കും. ചെറുപ്പക്കാര്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.