കൊച്ചി: മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാരിന്റെ നിലപാട് സുവ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടരെ ഉണ്ടാകുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സ്ഥിതി വിഭിന്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികളും സംഘടനാ ഭാരവാഹികളുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാന മുന്നേറ്റങ്ങള്‍ പാകിയ അടിത്തറയിലൂന്നി ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്തിയ പരിശ്രമമാണ് മതനിരപേക്ഷ കേരളത്തെ കെട്ടിപ്പടുത്തത്. നവോത്ഥാനം കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഇതിന് തുടര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ കേരളത്തിലും മതനിരപേക്ഷത തകര്‍ക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായും ജാഗ്രതയോടെയുമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങളും പട്ടികജാതി വിഭാഗങ്ങളുമാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട ചിലര്‍ ഈ അക്രമികളുടെ ക്യാമ്പില്‍ ചെന്നുപെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ഒരു പട്ടികജാതി സംഘടന തന്നെ ഇത്തരക്കാരുടെ കൂടെപ്പോയി അവരെ സഹായിക്കുന്നു. മതസൗഹാര്‍ദം നിലനിന്നു പോകുന്നതിന് തങ്ങള്‍ മതനിരപേക്ഷതയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പോരാ, വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാനും തയാറാകണം. കാശ്മീരില്‍ പെണ്‍കുട്ടിയ കൊലപ്പെടുത്തിയവര്‍ തന്നെയാണ് കേരളത്തില്‍ വാട്‌സാപ്പ് ഹര്‍ത്താലിന് ചരടു വലിച്ചത്. സമൂഹത്തിലെ അമര്‍ഷം മുതലെടുത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം പൊലീസിന്റെ ജാഗ്രത മൂലമാണ് ഒഴിവായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ശരിയായി പ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരമ്പര്യമാണ് മുന്‍കാലങ്ങളില്‍ ന്യൂനപ ക്ഷ എയ്ഡഡ് മാനേജ്മെന്റുകള്ക്കുണ്ടായിരു ന്നത്. എന്നാല്‍ സ്വാശ്രയ രീതി വന്നതോടെ ഈ സേവന കാഴ്ച്ചപ്പാടില്‍ മാറ്റമുണ്ടായിട്ടുണ്ട്. പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങാത്തവര്‍ അപൂര്‍വമാണെന്നതാണ് സ്ഥിതി. എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈ കടത്തലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ തസ്തികകള്‍ അനുവദിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കുറച്ച് കാലതാമസമുണ്ടാകുന്നത് സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. ഇതൊഴിവാക്കി തസ്തികകള്‍ അനുവദിക്കാന്‍ നടപടിയുണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.
പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള അവബോധം സമൂഹത്തിലുണ്ടായതാണ് ഈ ശീലം കുറയാന്‍ കാരണം. മദ്യപാനവും അത്തരത്തിലേ കുറക്കാനാകൂ. വിമുക്തി പോലുള്ള പദ്ധതികള്‍ ബോധവല്‍ക്കരണത്തിലൂടെ മദ്യപാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ടൂറിസം രംഗത്ത് ശ്രീലങ്കയുമായി മത്സരിക്കേണ്ട സാഹചര്യമുള്ളപ്പോള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാനാകില്ല. പെന്തക്കോസ്ത് വിഭാഗത്തിന് മതം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സമുദായ നേതാക്കള്‍ അഭിനന്ദിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അനാഥാലയങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമുള്ള ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലും ആത്മാര്‍ത്ഥമായ സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തിയത്. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തീരദേശ പരിപാലന നിയമം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാത്യു അറക്കല്‍, ജോജു മാത്യൂസ്, സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ അപ്രേം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ സംസാരിച്ചു. ബിഷപ്പ് പദവിയില്‍ 50 വര്‍ഷം തികച്ച കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേമിനെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. അഡ്വ വി.സി സെബാസ്റ്റിയന്‍, ഫാ. മാത്യു കല്ലിങ്കല്‍, ഗ്ലാഡ്‌സണ്‍ ജേക്കബ്, ബിനു കാര്‍ഡസ്, അരുണ്‍ ഡേവിഡ്, ജേക്കബ് ഉമ്മന്‍, സി. ജോണ്‍ മാത്യു, ഡോ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേല്‍, ഡോ. കെ.സി. ജോണ്‍, ഡോ. മാത്യു കുരുവിള, പ്രൊഫ. മാത്യൂസ് വാഴക്കുന്നം, പ്രൊഫ. മോനമ്മ കൊക്കാട്, എസ്.ജെ. സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.