കൊച്ചി: ഇടുക്കി, വയനാട്, പാരിപ്പള്ളി മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കളമശേരി മെഡിക്കല്‍ കോളേജില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന അത്യാധുനിക സി.ടി. സ്‌കാന്‍ മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. ഇതിനാവശ്യമായ പണം കണ്ടെത്തണം. മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ കളമശേരി മെഡിക്കല്‍ കോളേജിന് നല്‍കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീരിക്കാന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജീവനക്കാരുടെ റെഗുലറൈസേഷന്‍ അടക്കം ഓരോ ഘട്ടമായി ചെയ്തുവരികയായിരുന്നു. മറ്റു ജീവനക്കാരുടെ കാര്യത്തില്‍ ആര്‍ക്കും വിഷമമില്ലാത്ത വിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ 4200 ലേറെ പുതിയ തസ്തികകളാണ് രണ്ടു വര്‍ഷത്തിനിടെ സൃഷ്ടിച്ചത്. കൊച്ചി മെഡിക്കല്‍ കോളേജിന് 119 തസ്തികളാണ് അനുവദിച്ചത്. 25 വര്‍ഷത്തിനു ശേഷമാണ് ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തമായി സി.ടി. സ്‌കാന്‍ ഇല്ലാത്ത ഘട്ടത്തിലാണ് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ചു കോടിയും ആരോഗ്യ വകുപ്പില്‍ നിന്നും 31.6 ലക്ഷം രൂപയും ലഭ്യമാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സി.ടി. സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ചത്.
സാധാരണക്കാര്‍ക്ക് സ്‌കാനിംഗ് മെഷീന്റെ പ്രയോജനം വേണ്ട രീതിയില്‍ ലഭിക്കുന്നതിന് ജീവനക്കാരുടെ എല്ലാ സഹകരണവുമുണ്ടാകണമെന്ന് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ച ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊഫ. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ശ്രീകല, മുന്‍ എംഎല്‍എ എംഎ യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.