കൊച്ചി: കാന്‍സര്‍ രോഗം വ്യാപിക്കുന്നത് ശാസ്ത്രലോകം ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനവും കളമശേരി മെഡിക്കല്‍ കോളേജ് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യത്തിന് തുടക്കമിട്ട വി.ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തില്‍ ആര്‍ സി സി മാത്രമാണ് കാന്‍സര്‍ ചികിത്സാരംഗത്തുണ്ടായിരുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ ആശുപത്രികളെക്കുറിച്ച് ആലോചിക്കേണ്ടി വന്നു.
മലബാര്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കാനുള്ള ചിന്ത അങ്ങനെയാണുണ്ടായത്. തറക്കല്ലിട്ട ശേഷം പിന്നെ കാണാതാകുന്ന ദു:സ്ഥിതി കൊച്ചി കാന്‍സര്‍ സെന്ററിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2020 ല്‍ കാന്‍സര്‍ സെന്റര്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. കാന്‍സര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജില്ല ആശുപത്രികളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.
പഴയ കാലത്തെ അപേക്ഷിച്ച് കാന്‍സര്‍ രോഗം വര്‍ധിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം.  ജീവിത ശൈലി പ്രധാന കാരണമാണ്. ആരോഗ്യദായകമായ ശീലങ്ങള്‍ സ്വായത്തമാക്കണം. കാര്‍ഷിക ഉത്പന്നങ്ങളിലെ മാരകമായ രാസവസ്തുക്കളുടെ ഉപയോഗം, മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ലായനികള്‍, ഹോട്ടല്‍ ഭക്ഷണം തുടങ്ങിയവ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകമല്ലെങ്കില്‍ പ്രതികൂലമായി ബാധിക്കും. ഹോട്ടലുകളില്‍ വൃത്തിയുള്ള നല്ല ഭക്ഷണം ലഭിക്കണം. മാര്‍ക്കറ്റില്‍ ശുദ്ധമായ വസ്തുക്കള്‍ ലഭിക്കണം. ഇതിനായി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആശുപത്രികളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നയരേഖ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ജില്ലാതലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും: മന്ത്രി കെ.കെ. ശൈലജ
കൊച്ചി: ജില്ലാതലത്തിലും കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.  കളമശേരി മെഡിക്കല്‍ കോളേജ് മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഹെല്‍ത്ത് സര്‍വീസിലേക്കും കാന്‍സര്‍ ചികിത്സാ സൗകര്യം വ്യാപിപ്പിക്കും. ജനങ്ങളിലേക്കിറങ്ങി കാന്‍സര്‍ കണ്ടെത്തി കാന്‍സറിനെ കീഴടക്കാനുള്ള വലിയ പോരാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 50,000 പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ചില കേസുകളില്‍ വേഗത്തില്‍ ചികിത്സ ലഭിക്കാറുണ്ട്. എന്നാല്‍ ചില കേസുകളില്‍ ചികിത്സ താമസിക്കുന്നു. കാന്‍സറിനായുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളും പാലിയേറ്റീവ് സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യ മേഖലയില്‍ കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. പാവപ്പെട്ടവര്‍ക്കും മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കണം. ആര്‍സിസിക്ക് ശേഷം ആരംഭിച്ച മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് പതിനായിരങ്ങള്‍ക്ക് ആശ്വാസമാണ്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും വിദഗ്ധരും ഒത്തുചേര്‍ന്നാണ് കേരള കാന്‍സര്‍ കണ്‍ട്രോള്‍ നയരേഖ പുറത്തിറക്കിയിരിക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്കായുള്ള പ്രോട്ടോക്കോള്‍ ആണ് ഇതിലൂടെ വിശദമാക്കുന്നത്. കാന്‍സര്‍ രജിസ്ട്രി തയാറാക്കുന്നതിനുള്ള നടപടികള്‍ ആര്‍സിസിയുടെയും എംസിസിയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ബ്ലോക്ക് നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികളാരംഭിച്ചു 
• പദ്ധതിക്ക് 285 കോടി രൂപ കിഫ്ബിയില്‍ നിന്ന്
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 285.31 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. 310 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയിരുന്നത്. നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 2020 ഓടെ ആരോഗ്യ മേഖലയില്‍ വലിയ കുതിപ്പാണ് ജില്ലയില്‍ യാഥാര്‍ഥ്യമാകുകയെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധത്തിലൂന്നിയ ഗവേഷണത്തിന്
പ്രാധാന്യം നല്‍കണം: മന്ത്രി സി. രവീന്ദ്രനാഥ്
കൊച്ചി: കാന്‍സര്‍ ചികിത്സാ രംഗത്ത് പ്രതിരോധത്തിലൂന്നിയ ഗവേഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്. കളമശേരി മെഡിക്കല്‍ കോളേജ് മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. പ്രതിരോധത്തിലൂടെ കാന്‍സര്‍ എങ്ങിനെ തടയാം എന്നതിനേക്കുറിച്ചാണ് ഗവേഷണം നടക്കേണ്ടത്. പ്രതിരോധത്തിലൂടെയാണ് മാരകമായ പല രോഗങ്ങളും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത്. ചികിത്സാ സാധ്യത വര്‍ധിക്കുന്തോറും രോഗം വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്. മൂലധനാധിഷ്ഠിത സ്ഥാപനങ്ങളാണ് ഇന്ന് കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ കാന്‍സറിന് പ്രതിരോധത്തിലൂന്നിയ ഗവേഷണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസറായ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതം ആശംസിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി.  പ്രൊഫ. എം.കെ. സാനു,  എംഎല്‍എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, അന്‍വര്‍ സാദത്ത്, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, മുന്‍ എം.പി. പി. രാജീവ്, രാഷ്ട്രീയ കക്ഷി പ്രതിനിധി പി. രാജു, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ. റംലാബീവി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, സിസിആര്‍സി സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.