പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്ളക്സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നുണ്ട്.

ജില്ലയില്‍ ഇതുവരെ 43098 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ മൂന്ന് ചുമരെഴുത്ത്, 29333 പോസ്റ്ററുകള്‍, 6927 ബാനറുകള്‍, 6835 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 367 പോസ്റ്ററുകളും 60 കൊടികളും നാലു ഫ്‌ളക്‌സുകളും ഉള്‍പ്പടെ 431 സാമഗ്രികളും നീക്കം ചെയ്തു.

തിരുവല്ല മണ്ഡലത്തില്‍ 5530 പ്രചാരണ സാമഗ്രികളും റാന്നി 15089, ആറന്മുള 6587, കോന്നി 7203, അടൂര്‍ 8689 സാമഗ്രികളുമാണ് നീക്കം ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഫ്ളൈയിങ് സ്‌ക്വാഡ്, ആന്റി ഡിഫെയ്സ്മെന്റ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ്, വീഡിയോ സര്‍വെയ്ലന്‍സ് തുടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ വഴി സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുകളിലെയും ഇത്തരം സാമഗ്രഹികള്‍, വ്യക്തികളുടെ പരാതിയെ തുടര്‍ന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്. തങ്ങളുടെ അധികാര പരിധിയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുന്ന മുറയ്ക്ക് വരണാധികാരികള്‍ സ്വമേധയ നടപടി സ്വീകരിക്കും.