എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലും ബോധവത്കരണ സന്ദേശമടങ്ങിയ ബലൂണ്‍ ഉയര്‍ത്തി. സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ച ഇലക്ഷന്‍ / കോവിഡ് സന്ദേശങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണ്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സ്വീപ്പിന്റെ ഭാഗമായി കന്നിവോട്ടര്‍മാര്‍ക്കുള്ള മോക്ക് പോള്‍ ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ നടന്നു. മൂന്ന് ബാച്ചുകളിലായി നൂറിലധികം വിദ്യാര്‍ഥികള്‍ മോക്ക് പോളില്‍ പങ്കാളികളായി. മാസ്റ്റര്‍ ട്രെയിനര്‍മാരായ സ്മിത.ജി, സ്മിത എസ്. എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.

സ്വീപ്പ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ്, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ റിബെല്ലോ, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ തുടങ്ങിയവര്‍ മോക്ക് പോളിന് നേതൃത്വം നല്‍കി. കൊച്ചി ആര്‍ഡിഒ ഓഫീസ് വളപ്പില്‍ സജ്ജമാക്കുന്ന മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.