തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ ചേമ്പറില്‍ യോഗം ചേര്‍ന്ന് പ്രചാരണ നിബന്ധനകളും ചെലവ് കണക്കുകളും സൂക്ഷിക്കുന്നതിനും സമര്‍പ്പിക്കുന്നതിനും അന്തിമ രൂപം നല്‍കി.

സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വിനിയോഗ നിരീക്ഷണവും പരിശോധനയും ശക്തമാക്കി ജില്ലയില്‍ നിരീക്ഷകര്‍ പര്യടനം ആരംഭിച്ചു. പൊതു സ്ഥലത്തെ പോസ്റ്റര്‍, ബാനര്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് വിഭാഗം നീക്കം ചെയ്യുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ചേര്‍ക്കും. നോട്ടീസ്, പോസ്റ്റര്‍ എന്നിവ ഏത് പ്രസില്‍ അച്ചടിച്ചു എത്ര എണ്ണം അച്ചടിച്ചു എന്നത് നോട്ടീസില്‍ ഉണ്ടായിരിക്കണം.

ഒറ്റ അനുമതിയില്‍ ഒന്നിലേറെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിന് അനുമതിയുടെ പകര്‍പ്പ് പോലീസിനും നിരീക്ഷകര്‍ക്കും നല്‍കണമെന്നും വരണാധികാരികളോട് നീരീക്ഷകര്‍ ആവശ്യപ്പെട്ടു. താര പ്രചാരകരുടെ യോഗങ്ങളുടെ പ്രതീക്ഷിത ചെലവ് കണക്കാക്കി നല്‍കണം. അനുമതിയില്ലാതെ പ്രചാരണവാഹനങ്ങള്‍ ഉപയോഗിക്കരുത്.

സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരില്‍ എസ് ബി അക്കൗണ്ട് തുറന്ന് വേണം തിരഞ്ഞെടുപ്പ് ചെലവ് നിര്‍വ്വഹിക്കേണ്ടത്. 10,000 രൂപയില്‍ കൂടിയ തുക ഒരു കാരണവശാലും പണമായി നല്‍കരുത്. സ്ഥാനാര്‍ത്ഥികള്‍ ചെലവ് രജിസ്റ്റര്‍ സൂക്ഷിക്കുകയും എല്ലാ പേജിലും സ്ഥാനാര്‍ത്ഥി ഒപ്പിടുകയും വേണം. സംഭാവനയായാലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഫണ്ടില്‍ നിന്നുള്ള തുകയായാലും ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ മാത്രമായിരിക്കും. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ചെലവഴിച്ചിട്ടുള്ള പ്രചാരണ കണക്ക് രജിസ്റ്ററിന്റെ ആറാമത്തെ കോളത്തിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള പ്രചാരണ വിഹിതത്തിന്റെ കണക്ക് ഏഴാമത്തെ കോളത്തിലും സ്ഥാനാര്‍ത്ഥി പ്രത്യേകം രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണെങ്കിലും വിജ്ഞാപനശേഷം ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ കണക്കാക്കുമെന്നും നിരീക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തനമുണ്ടായിരുന്ന 9000 ആളുകളുടെ പേര് അന്തിമ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇങ്ങനെ പേര് നീക്കം ചെയ്ത പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് കര്‍ശനമായി നേരിടും. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവ് സൂക്ഷിക്കുന്നതിന് ഏജന്റ്മാരെ നിയോഗിക്കണം. ഇവര്‍ക്ക് പരിശീലനം നല്‍കും. വരണാധികാരികള്‍ ഇതിന്റെ സമയവും സ്ഥലവും പാര്‍ട്ടി പ്രതിനിധികളെ അറിയിക്കുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു.

അതിര്‍ത്തി ചെക്ക്‌പോസ്റ്റ് അടയ്ക്കാന്‍ കഴിയില്ലെന്നും സാധുവായ യാത്രാ രേഖയോ തിരഞ്ഞെടുപ്പ് രേഖയുമായോ വരുന്നവരെ ചെക്‌പോസ്റ്റില്‍ തടയാന്‍ പോലീസിനെ നിയമം അനുവദിക്കുന്നില്ലെന്നും ഇരട്ടവോട്ടും കള്ളവോട്ടും തടയേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും കള്ളവോട്ട് തടയുന്നതിന് ചെക്‌പോസ്റ്റ് അടയ്ക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആവശ്യത്തിന് മറുപടിയായി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി യോഗത്തില്‍ അറിയിച്ചു. വോട്ടിങ്ങില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉണ്ടാകാതെ സുരക്ഷിതമായും സമാധാനപരമായും വോട്ട് ചെയ്യുന്നതിന് പോലീസുകാരെ നിയോഗിക്കും. പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഗതാഗതകുരുക്കുണ്ടാകരുതെന്നും ജില്ലാ പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ സുരേന്ദ്ര സിങ്, ചന്ദര്‍ ഗെയ്ന്ദ്, ചെലവ് നിരീക്ഷകരായ അമിത് സഞ്ജയ് ഗുരാവ്, നരേഷ് കുമാര്‍ ബന്‍സാല്‍, പോലീസ് നിരീക്ഷകനായ ബി എസ് ധ്രുവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദാദേവി, ഡെപ്യൂട്ടി കളക്ടര്‍ & നോഡല്‍ ഓഫീസര്‍ രഞ്ജിത്ത്, റിട്ടേണിംഗ് ഓഫീസര്‍മാരായ അനില്‍ ഉമ്മന്‍, എലിസബത്ത് മാത്യൂ, ജോളി ജോസഫ്, ബിന്ദു എസ്., ജോസ് കുഴികണ്ടം (കേരള കോണ്‍ഗ്രസ് എം), സിജി ചാക്കോ (സിപിഐ), സാജു (ബിഎസ്പി), ഫിനാന്‍സ് ഓഫീസര്‍ സാബു ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.