കാസർഗോഡ്: ജില്ലയില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായകമൊരുക്കി ജില്ലാ ഭരണകൂടം. കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് അനുവദിച്ച പോസ്റ്റല്‍ വോട്ട് സൗകര്യത്തിന് പുറമെ ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ തയ്യാറായ വോട്ടര്‍മാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ഒരുക്കും. ഇതിനായി ജില്ലയിലെ എല്ലാ ഭിന്നശേഷി വോട്ടര്‍മാരെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി.
പോസ്റ്റല്‍ വോട്ടിന് സന്നദ്ധത അറിയിച്ച ഭിന്നശേഷി വോട്ടര്‍മാരുടെ പട്ടിക പ്രകാരം നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ ബിഎല്‍ഒമാര്‍ മുഖേന പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോം നല്‍കി. മാര്‍ച്ച് 26 മുതല്‍ പോളിങ് ഓഫീസറും സംഘവും വീടുകളിലെത്തി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.
പോളിംഗ് ദിനത്തില്‍ ബൂത്തുകളിലെത്തി വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കാനായി പ്രത്യേകം സന്നദ്ധ സേവകരെ നിയോഗിക്കും. ഇതിനായി ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് എന്‍എസ്എസ് വൊളണ്ടിയേഴ്സ്, എസ്പിസി കേഡറ്റ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ബൂത്തുകളില്‍ നിയോഗിക്കും. കൂടാതെ ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ വീല്‍ച്ചെയര്‍, ആംബുലന്‍സ് സംവിധാനങ്ങളൊരുക്കും.
വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷി വോട്ടര്‍മാരായി രേഖപ്പെടുത്താത്ത ഭിന്നശേഷിക്കാരെ കണ്ടെത്താന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇവരുടെ വിവരങ്ങള്‍ അടങ്ങിയ പ്രത്യേക പട്ടികയും സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കും ബുദ്ധിമുട്ടുകളില്ലാതെ വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണവും ഓരോ ബൂത്തിലും ലഭ്യമാക്കും.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കുളള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും നടത്തിയ പരിശീലനത്തില്‍ പ്രത്യേക മൊഡ്യൂളായി ഉള്‍പ്പെടുത്തിയിരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അതാത് റിട്ടേണിംഗ് ഓഫിസര്‍മാരുടെ സഹകരണത്തോടെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനവും നടന്നു വരുന്നു.