എറണാകുളം: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം, ഉദ്യോഗസ്ഥ വിന്യാസം ഉൾപ്പടെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആബ്സൻ്റീ വോട്ടേഴ്സിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അവശ്യ സർവീസുകാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളുടെ പ്രവർത്തനം 28 മുതൽ ആരംഭിക്കും.
ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈ സേഷൻ അതാത് വരണാധികാരികളുടെ നേതൃത്വത്തിൽ പൂർത്തിയായി. റാൻഡമൈസേഷൻ പൂർത്തിയായ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 28 ന് ആരംഭിക്കും. ഇതോടൊപ്പം കാൻഡിഡേറ്റ് സെറ്റിംങ്ങും പൂർത്തിയാക്കും. 28 ന് രാവിലെ ഏഴ് മുതൽ കമ്മീഷനിംഗും കാൻഡിഡേറ്റ് സെറ്റിംഗും ആരംഭിക്കും. നിയോജക മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമായി തിരഞ്ഞെടുത്തുള്ള സ്ഥാപനത്തിൽ തന്നെയായിരിക്കും കമ്മീഷനിംഗും കാൻഡിഡേറ്റ് സെറ്റിംഗും നടക്കുക.
രാഷട്രീയ പാർട്ടി പ്രതിനിധികളുടെ സാനിധ്യത്തിലായിരിക്കും പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. മോക് പോൾ ചെയ്ത് കൃത്യത ഉറപ്പു വരുത്തിയതിനു ശേഷം യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. ഏപ്രിൽ അഞ്ചിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇവിടെ നിന്നും കൈമാറും.
ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങളും അവസാന ഘട്ടത്തിലാണ്.
മാർച്ച് 29 ന് പരിശീലനങ്ങൾ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നൽകിയത്. അതാത് നിയോജക മണ്ഡലാടിസ്ഥാനത്തിലായിരുന്നു പരിശീലനം. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകും. ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകളും കൈമാറ്റവും പൂർത്തിയായി.
ജില്ലയിലെ ഓരോ മണ്ഡലത്തിൻ്റെയും സ്ട്രോങ്ങ് റൂമുകൾ
പെരുമ്പാവൂർ – ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പാവൂർ.
കളമശ്ശേരി- പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോർത്ത് പറവൂർ
പറവൂർ – ഗവ.ബോയ്സ് എച്ച്.എസ്.എസ്, നോർത്ത് പറവൂർ.
ആലുവ -അങ്കമാലി- യു.സി. കോളേജ് ,ആലുവ
വൈപ്പിൻ – കൊച്ചിൻ കോളേജ് അനക്സ്.
കൊച്ചി- ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി
തൃപ്പൂണിത്തുറ – മഹാരാജാസ് കോളേജ്, എറണാകുളം
എറണാകുളം- ഗവ.ഗേൾസ് എച്ച്എസ്എസ്, എറണാകുളം,
തൃക്കാക്കര – ഭാരത് മാത കോളേജ്, തൃക്കാക്കര
കുന്നത്തുനാട് – ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂർ
മുവാറ്റുപുഴ – നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ.
പിറവം – നിർമല പബ്ലിക് സ്കൂൾ മുവാറ്റുപുഴ,
കോതമംഗലം – എം എ കോളേജ്, കോതമംഗലം.