കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസ്, പാക്കിംഗ് മെറ്റീരിയല്‍സ്, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി പറഞ്ഞു. അജൈവ മാലിന്യം ശേഖരിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും.
പോളിംഗ് സ്റ്റേഷനുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ ഓരോ ഉദ്യോഗസ്ഥനെയും രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെയും ചുമതലപ്പെടുത്തും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പരിശീലനം നല്‍കും. അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി ഓരോ മാതൃക പോളിംഗ് ബൂത്തുകള്‍ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടത്തിന്റെ പ്രചരണാര്‍ഥം ജില്ലയില്‍ സൈക്കിള്‍ റാലി, തെരുവ് നാടകം, ഫ്ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ക്ലാസ് നല്‍കി. വരണാധികാരികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കി. ഹരിത ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്ളക്സ് പ്രിന്റിംഗ് ഷോപ്പുകളുടെ ജില്ലാ തല ഭാരവാഹികളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പില്‍ ഫ്ളക്സ് നിരോധനം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഹരിതചട്ട പാലനം സംബന്ധിച്ച സംശയങ്ങളും മറുപടിയും എന്ന കൈപ്പുസ്തകം ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ ലക്ഷ്മി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് കൈപ്പുസ്തകം കൈമാറി.