കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കുമുള്ള വാക്സിന്‍ വിതരണത്തിന്‍റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കായി പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ ആളൊഴിഞ്ഞു.

കോട്ടയം ജില്ലയില്‍ മുന്നണി പ്രവര്‍ത്തകര്‍ക്കായി വാക്സിനേഷന്‍ ആരംഭിച്ച ജനുവരി 16ന് പാലായിലെ സി.എഫ്.എല്‍.ടി.സിയില്‍ 54 രോഗികള്‍ ഉണ്ടായിരുന്നു. മാര്‍ച് രണ്ടാം വാരത്തോടെ എല്ലാവര്‍ക്കും രണ്ടാം ഡോസും നല്‍കി. ഇവിടുത്തെ രോഗികളുടെ എണ്ണം ഫെബ്രുവരി 16ന് 24, മാര്‍ച്ച് 16ന് ആറ് എന്നിങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു. മാര്‍ച്ച് 25ന് അവസാനത്തെ രോഗിയും ഡിസ്ചാര്‍ജ്ജ് ആയി.

വാക്സിന്‍ സ്വീകരിച്ചുതുടങ്ങിയതോടെ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് മുന്‍നിര പ്രവര്‍ത്തകരുടെയും ഇടയില്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ചുരുക്കം ചിലര്‍ക്ക് വൈറസ് ബാധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിലോ സി.എഫ്.എല്‍.ടി.സിയിലോ ചികിത്സ തേടേണ്ടവിധം ലക്ഷണങ്ങള്‍ ഗുരുതരമാകുന്നുമില്ല.

വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗം ഗുരുതരമാകുന്നതും മരണവും പൂര്‍ണമായും
തടയാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ജില്ലയില്‍ ഇതുവരെ 22419 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകരായ 5103 പേര്‍ക്കും വാക്സിന്‍റെ രണ്ടു ഡോസുകളും നല്‍കിയിട്ടുണ്ട്. 19287 പോളിംഗ് ഉദ്യോഗസ്ഥരും രണ്ടര ലക്ഷത്തോളം മുതിര്‍ന്ന പൗരന്‍മാരില്‍ 1.18 ലക്ഷം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ 175523 പേര്‍ ആദ്യ ഡോസും 27909 പേര്‍ രണ്ടാം ഡോസ് കുത്തിവയ്പ്പും എടുത്തു.

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കും. ഈ പ്രായ വിഭാഗത്തില്‍ പെടുന്ന മൂന്നു ലക്ഷം പേര്‍ ജില്ലയിലുണ്ട്. ഇവര്‍ക്കും രണ്ടാം ഡോസ് കുത്തിവയ്പ്പ് നല്‍കുന്നതോടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതീക്ഷ. 45 വയസിനു മുകളിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യം ലഭിക്കുന്ന അവസരത്തില്‍ തന്നെ വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അറുപതു വയസിനു മുകളിലുള്ള എല്ലാവരും ഏപ്രില്‍ ഒന്നിന് മുന്‍പ് ആരോഗ്യകേന്ദ്രങ്ങളിലെത്തി ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. ജനറല്‍, താലൂക്ക് ആശുപത്രികളിലും സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും നിശ്ചയിച്ചിട്ടുള്ള മറ്റു കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിനങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ വാക്സിനേഷന്‍ സൗകര്യം ഉണ്ടാകും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം വാക്സിന്‍ നല്‍കുന്നുണ്ട്. കോട്ടയം ബേക്കര്‍ മെമോറിയല്‍ എല്‍ പിസ്കൂളില്‍ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളും ഒഴികെ എല്ലാ ദിവസവും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.